

സാധാരണ ഉപയോഗിക്കുന്ന പേപ്പർ ചെക്കിന്റെ ഡിജിറ്റൽ രൂപം വരുന്നു. പേപ്പറിൽ എഴുതുന്നതിന് പകരം ഇത് പൂർണ്ണമായും ഓൺലൈനായി തയ്യാറാക്കാം. പണം നൽകേണ്ട വ്യക്തി വിവരങ്ങൾ പൂരിപ്പിച്ച് ഡിജിറ്റലായി ഒപ്പിട്ട് ബാങ്കിനോ പണം ലഭിക്കേണ്ട ആൾക്കോ അയച്ചു കൊടുത്താല്‍ മതി.

വേഗത
പേപ്പർ ചെക്കുകൾ ബാങ്കിലെത്തി ക്ലിയർ ആകാൻ എടുക്കുന്ന സമയം ഇതിന് വേണ്ട. ഇടപാടുകൾ വളരെ വേഗത്തിൽ നടക്കും. ഡിജിറ്റൽ ഒപ്പും, നൂതന സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാൽ തട്ടിപ്പുകൾ തടയാൻ എളുപ്പമാണ്. കടലാസിന്റെ ഉപയോഗം കുറയ്ക്കാം, കൂടാതെ ഇവ ട്രാക്ക് ചെയ്യാനും എളുപ്പമാണ്. നിലവിൽ ഓരോ ബാങ്കിനും വ്യത്യസ്ത സുരക്ഷാ രീതികളാണുള്ളത്. ഇ-ചെക്ക് വരുന്നതോടെ ഇന്ത്യയിലുടനീളം ഒരേതരം സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരും.
ആർബിഐയുടെ ലക്ഷ്യം
ആർബിഐയുടെ പേയ്‌മെന്റ്‌സ് വിഷൻ 2028 റിപ്പോർട്ട് പ്രകാരമാണ് ഈ മാറ്റം വരുന്നത്. ബിസിനസുകാർക്കും സാധാരണക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ ചെക്ക് ഇടപാടുകളെ ആധുനികവൽക്കരിക്കുകയാണ് ലക്ഷ്യം. പഴയ ചെക്ക് സംവിധാനങ്ങളെ പുതിയ കാലത്തെ ഡിജിറ്റൽ വേഗതയുമായി ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.കൂടാതെ, വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാടുകൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികളും ആർബിഐ ആലോചിക്കുന്നുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനുമാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇനി ചെക്ക് എഴുതാൻ പേനയും പേപ്പറും തിരയേണ്ടി വരില്ല; നിങ്ങളുടെ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ സുരക്ഷിതമായി ഇ-ചെക്കുകൾ അയക്കാം.
Content Highlights:RBI proposes Electronic Cheques (e-cheques) and new security features to modernize India's payment ecosystem.