

ചശ്ചിമേഷ്യയിലെ സംഘര്‍ഷം നീളുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുന്നു. സൗദി അറേബ്യയിലെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും, യുഎസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ അനിശ്ചിതത്വവുമാണ് വില ഉയരാന്‍ പ്രധാന കാരണമായത്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് വില 1.1 ശതമാനം വര്‍ധിച്ച് ബാരലിന് 97.01 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 1.39 ശതമാനം ഉയര്‍ന്ന് ബാരലിന് 99.24 ഡോളറിലുമെത്തി.

കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ ആക്രമണം എണ്ണ ഉല്‍പാദനത്തെ സാരമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിദിനം ഏകദേശം 6 ലക്ഷം ബാരല്‍ എണ്ണയുടെ കുറവ് ഉല്‍പാദനത്തില്‍ ഉണ്ടായതായാണ് കണക്കുകള്‍. കൂടാതെ പ്രധാന പൈപ്പ്ലൈനുകളിലൂടെയുള്ള വിതരണത്തില്‍ ഏഴുലക്ഷം ബാരലിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ഈ ആഴ്ച ആദ്യം അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും സംഘര്‍ഷങ്ങള്‍ തുടരുന്നത് വിപണിയില്‍ ആശങ്കയുണ്ടാക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പാതയിലൂടെയുള്ള കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന ഇറാന്റെ നിര്‍ദേശം പാശ്ചാത്യ രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും കടുത്ത എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഹോര്‍മുസിലെ തടസ്സങ്ങള്‍ തുടരുകയാണെങ്കില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 190 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സിയായ സ്ട്രാറ്റാസ് അഡൈ്വസേഴ്സ് മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 28ന് തുടങ്ങിയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മേഖലയിലെ അമ്പതോളം എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ജെ.പി. മോര്‍ഗന്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ഏകദേശം 2.4 ദശലക്ഷം ബാരല്‍ ശുദ്ധീകരണ ശേഷിയെ ഇത് ബാധിച്ചു. വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളിലേക്കാണ് ഇപ്പോള്‍ സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Global crude oil prices jump over 1 per cent amid US-Iran ceasefire