

ലോകത്തെ ഏറ്റവും വലിയ ധനികരും ജീവകാരുണ്യ പ്രവര്‍ത്തകരുമായ വാറന്‍ ബഫറ്റും ബില്‍ ഗേറ്റ്സും തമ്മിലുള്ള സൗഹൃദം ബിസിനസ് ലോകത്ത് ഏറെ പ്രശസ്തമായിരുന്നു. എന്നാല്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ ഫയലുകള്‍ പുറത്തുവന്നതോടെ, 95കാരനായ വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്സുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്തിടെ സിഎന്‍ബിസിക്ക് ല്‍കിയ അഭിമുഖത്തിലാണ് ബഫറ്റ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എപ്സ്റ്റീന്‍ കേസിലെ പുതിയ രേഖകള്‍ പുറത്തുവന്നതിനുശേഷം താന്‍ ബില്‍ ഗേറ്റ്സുമായി സംസാരിച്ചിട്ടില്ലെന്ന് ബഫറ്റ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സാക്ഷിയായി കോടതിയില്‍ ഹാജരാകേണ്ടി വരുമോ എന്ന ഭയവും സത്യപ്രസ്താവനകള്‍ നടത്തേണ്ടി വരുന്നതിലുള്ള വിമുഖതയുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ബിസിനസ് ലോകത്തെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത അതീവ ഗൗരവമുള്ളതാണ്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളായിരുന്നു ബഫറ്റ്. 43 ബില്യണ്‍ ഡോളറിലധികം അദ്ദേഹം ഈ ഫൗണ്ടേഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ വിവാദങ്ങള്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെയും വിശ്വാസ്യതയെയും ബാധിക്കുമോ എന്ന ആശങ്ക ബഫറ്റിനുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധം വഴി ഗേറ്റ്സ് റഷ്യന്‍ യുവതികളുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു എന്ന ആരോപണവും നിലവില്‍ ശക്തമാണ്.
ബഫറ്റിന്റെ പ്രതികരണം
ജെഫ്രി എപ്സ്റ്റീന്‍ തന്ത്രശാലിയായ വഞ്ചകനായിരുന്നുവെന്നും, മനുഷ്യരുടെ ബലഹീനതകള്‍ മുതലെടുക്കുന്നതില്‍ അയാള്‍ സമര്‍ഥനായിരുന്നുവെന്നും ബഫറ്റ് നിരീക്ഷിച്ചു. ബില്‍ ഗേറ്റ്സ് തന്നെ എപ്സ്റ്റീന് പരിചയപ്പെടുത്താതിരുന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് ധാര്‍മികതയ്ക്കും വ്യക്തിശുദ്ധിക്കും പ്രാധാന്യം നല്‍കുന്ന ബഫറ്റ്, വിവാദങ്ങളില്‍നിന്ന് തന്റെ പേര് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു.
അതേസമയം, എപ്സ്റ്റീനുമായുള്ള സൗഹൃദം വലിയൊരു അബദ്ധമായിരുന്നുവെന്ന് ബില്‍ ഗേറ്റ്സ് മുന്‍പ് സമ്മതിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്സ്റ്റീന്‍ സഹായിക്കുമെന്ന് കരുതിയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് അദ്ദേഹം പറഞ്ഞു. മേയില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സമിതിക്ക് മുന്നില്‍ ഗേറ്റ്സ് ഹാജരാകേണ്ടി വരുമെന്നാണ് സൂചന. ലോകത്തെ ഏറ്റവും വലിയ രണ്ട് ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപന്മാര്‍ തമ്മിലുള്ള ഈ ബന്ധം വേര്‍പിരിയുന്നത് ആഗോള ബിസിനസ്സ് നിക്ഷേപങ്ങളെയും വന്‍കിട ജീവകാരുണ്യ പദ്ധതികളെയും എങ്ങനെ ബാധിക്കുമെന്ന് വരും മാസങ്ങളില്‍ വ്യക്തമാകും.
Content Highlights: Stopped talking to Bill Gates after Epstein files showed his name: Warren Buffett