ഹാഷിറും പിള്ളേരും കളക്ഷനിലും തകർക്കുമോ?; ആദ്യ ദിനം വമ്പൻ അഡ്വാൻസ് ബുക്കിംഗ് നേടി വാഴ 2

സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്

ഹാഷിറും പിള്ളേരും കളക്ഷനിലും തകർക്കുമോ?; ആദ്യ ദിനം വമ്പൻ അഡ്വാൻസ് ബുക്കിംഗ് നേടി വാഴ 2
dot image

സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങുകയാണ്. ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

Also Read:

കേരളത്തിൽ നിന്ന് മാത്രം ചിത്രം 1.88 കോടിയാണ് അഡ്വാൻസ് സെയിലിലൂടെ നേടിയത്. കർണാടകയിൽ നിന്ന് 13 ലക്ഷവും തമിഴ്നാട്ടിൽ നിന്ന് 3.50 ലക്ഷവും തെലുങ്കിൽ നിന്ന് 1.50 ലക്ഷവും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് രണ്ട് ലക്ഷവുമാണ് വാഴ 2 വിന്റെ അഡ്വാൻസ് സെയിൽ നേട്ടം. ഓവർസീസിൽ നിന്ന് 56.85 ലക്ഷം ആണ് സിനിമ നേടിയത്. ഇതോടെ സിനിമയുടെ ആഗോള അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 2.65 കോടിയായി. ഒരു പുതുമുഖ സംവിധായകന്റെയും നായകന്മാരുടെയും സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാൻസ് ബുക്കിംഗ് ആണിത്. ആദ്യ ഭാഗം പോലെ തന്നെ കോമഡിക്കും ഇമോഷൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.

2024 ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Hashir and team starring Vaazha 2 advance booking reports

dot image
To advertise here,contact us
dot image