മറന്നുപോയ നിക്ഷേപം തിരികെ വേണോ? നിങ്ങളുടെ പണം എവിടെയുണ്ടെന്ന് അറിയാന്‍ വഴിയുണ്ട്

2026 ഫെബ്രുവരി വരെ ഏകദേശം 73,241 കോടി രൂപ ഇത്തരത്തിലുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്

മറന്നുപോയ നിക്ഷേപം തിരികെ വേണോ? നിങ്ങളുടെ പണം എവിടെയുണ്ടെന്ന് അറിയാന്‍ വഴിയുണ്ട്
dot image

ഇന്ത്യയിലെ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമായി ഉടമസ്ഥാവകാശമില്ലാത്ത കോടിക്കണക്കിന് രൂപയാണ് കെട്ടിക്കിടക്കുന്നത്. 2026 ഫെബ്രുവരി വരെ ഏകദേശം 73,241 കോടി രൂപ ഇത്തരത്തിലുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.

unclaimed deposit

ബാങ്ക് അക്കൗണ്ടുകള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാതെ വരിക, ഇന്‍ഷുറന്‍സ് എടുത്ത കാര്യം മറന്നുപോകുകയോ കൃത്യസമയത്ത് ക്ലെയിം ചെയ്യാതിരിക്കുകയോ ചെയ്യുക, അക്കൗണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കാതിരിക്കുക, താമസം മാറുമ്പോള്‍ പുതിയ വിലാസമോ ഫോണ്‍ നമ്പറോ ബാങ്കില്‍ നല്‍കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് പണം അനാഥമായി കിടക്കുന്നത്.

പണം എവിടെയൊക്കെയാണ്?

  • ബാങ്കുകളില്‍ 60,518 കോടി രൂപ (10 വര്‍ഷത്തിലേറെയായി ഇടപാടില്ലാത്ത നിക്ഷേപങ്ങള്‍).
  • ഇന്‍ഷുറന്‍സില്‍ 8,973.89 കോടി രൂപ (ക്ലെയിം ചെയ്യാത്ത പോളിസി തുകകള്‍).
  • മ്യൂച്വല്‍ ഫണ്ടില്‍ 3,749.34 കോടി രൂപ (നിഷ്‌ക്രിയമായി കിടക്കുന്ന നിക്ഷേപങ്ങള്‍).

എങ്ങനെ കണ്ടെത്താം?

നിങ്ങളുടെയോ ബന്ധുക്കളുടെയോ പേരില്‍ ഇത്തരത്തില്‍ പണം കിടപ്പുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാന്‍ ഇപ്പോള്‍ എളുപ്പവഴികളുണ്ട്.

ബാങ്ക് നിക്ഷേപങ്ങള്‍

udgam.rbi.org.in എന്ന വെബ്സൈറ്റില്‍ കയറുക. മൊബൈല്‍ നമ്പറും പേരും നല്‍കി രജിസ്റ്റര്‍ ചെയ്യുക.
പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ജനനത്തീയതി എന്നിവ നല്‍കി തിരയുക.
പണം ഉണ്ടെങ്കില്‍ ബാങ്കിന്റെ പേരും റഫറന്‍സ് നമ്പറും അവിടെ കാണാം.

ഇന്‍ഷുറന്‍സ് തുകകള്‍

ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്സൈറ്റില്‍ പോയി പാന്‍ കാര്‍ഡ്, ജനനത്തീയതി എന്നിവ നല്‍കി പരിശോധിക്കാം.
അല്ലെങ്കില്‍ IRDAIയുടെ bimabharosa.irdai.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

മ്യൂച്വല്‍ ഫണ്ടുകള്‍

www.mfcentral.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിച്ച് 'Unclaimed Amounts' ഉണ്ടോ എന്ന് പരിശോധിക്കാം.

ഇനി എന്തുചെയ്യണം?

പഴയ അക്കൗണ്ട് നമ്പറുകള്‍, പോളിസി രേഖകള്‍, ഐഡി കാര്‍ഡുകള്‍ എന്നിവ എടുത്തു വയ്ക്കുക. എല്ലാ സാമ്പത്തിക നിക്ഷേപങ്ങളിലും നിര്‍ബന്ധമായും ഒരു അവകാശിയെ ചേര്‍ക്കുക. ഇത് ഭാവിയില്‍ നിങ്ങളുടെ കുടുംബത്തിന് പണം ലഭിക്കാന്‍ സഹായിക്കും. ഫോണ്‍ നമ്പറോ വിലാസമോ മാറിയാല്‍ ഉടന്‍ തന്നെ ബാങ്കിലും ഇന്‍ഷുറന്‍സ് ഓഫീസിലും അറിയിക്കുക. പണം ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലാണെങ്കിലും അതിന്റെ യഥാര്‍ഥ അവകാശി നിക്ഷേപകന്‍ തന്നെയാണ്. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ നിങ്ങള്‍ക്ക് ഏതു സമയത്തും ഈ പണം തിരികെ ലഭിക്കും.

Content Highlughts: Steps to reclaim forgotten money in old bank accounts and shares

dot image
To advertise here,contact us
dot image