ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ പഴ്‌സ് നിറയുമോ അതോ ചോരുമോ? അറിഞ്ഞിരിക്കേണ്ട 10 വമ്പന്‍ മാറ്റങ്ങള്‍

എടിഎം ചാര്‍ജുകളിലെ വര്‍ദ്ധനവും പാന്‍ കാര്‍ഡ് നിയമങ്ങളിലെ കര്‍ശനമായ മാറ്റങ്ങളും നിങ്ങളുടെ ബജറ്റിനെ ബാധിച്ചേക്കാം

ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ പഴ്‌സ് നിറയുമോ അതോ ചോരുമോ? അറിഞ്ഞിരിക്കേണ്ട 10 വമ്പന്‍ മാറ്റങ്ങള്‍
dot image

2026 ഏപ്രില്‍ 1ന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍, ഇന്ത്യയിലെ നികുതി നിയമങ്ങളിലും ബാങ്കിങ് ചാര്‍ജുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് വരുന്നത്. ആദായനികുതി നിയമം ലളിതമാക്കുന്നതും, 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇളവ് നല്‍കുന്നതും സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍ എടിഎം ചാര്‍ജുകളിലെ വര്‍ദ്ധനവും പാന്‍ കാര്‍ഡ് നിയമങ്ങളിലെ കര്‍ശനമായ മാറ്റങ്ങളും നിങ്ങളുടെ ബജറ്റിനെ ബാധിച്ചേക്കാം. ഡിജിറ്റല്‍ സുരക്ഷയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കുന്ന ഈ പുതിയ മാറ്റങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം.

economy

പുതിയ ആദായനികുതി നിയമം

1961ലെ പഴയ ആദായനികുതി നിയമത്തിന് പകരം ഇന്‍കം ടാക്‌സ് ആക്ട് 2025 നിലവില്‍ വരും. ഇതിലൂടെ നികുതി നടപടികള്‍ കൂടുതല്‍ ലളിതമാകും. അസസ്മെന്റ് ഇയര്‍, പ്രിവിയസ് ഇയര്‍ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി പകരം ടാക്‌സ് ഇയര്‍ എന്ന ഒറ്റ പേര് വരും.

12 ലക്ഷം രൂപ വരെ നികുതിയില്ല

പുതിയ ടാക്‌സ് സ്‌കീം തിരഞ്ഞെടുത്തവര്‍ക്ക് ആശ്വാസവാര്‍ത്ത. വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവര്‍ ഇനി നികുതി നല്‍കേണ്ടതില്ല (സെക്ഷന്‍ 87A പ്രകാരമുള്ള ഇളവ് വര്‍ദ്ധിപ്പിച്ചു). ശമ്പളക്കാര്‍ക്ക് ലഭിക്കുന്ന 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂടി കൂട്ടിയാല്‍ ഏകദേശം 12.75 ലക്ഷം വരെ നികുതി ഒഴിവാക്കാം.

പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയാകില്ല. ജനനത്തീയതി തെളിയിക്കാന്‍ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ വോട്ടര്‍ ഐഡി പോലുള്ള രേഖകള്‍ നിര്‍ബന്ധമാകും.

rupee

എടിഎം ചാര്‍ജുകളില്‍ വര്‍ദ്ധനവ്

എച്ച്ഡിഎഫ്സി പോലുള്ള ബാങ്കുകള്‍ യുപിഐ വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും പരിധി നിശ്ചയിച്ചു. മാസം 5 തവണയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ ഓരോ തവണയും 23 രൂപ വീതം ചാര്‍ജ് ഈടാക്കും. ബന്ധന്‍ ബാങ്ക് മെട്രോ നഗരങ്ങളില്‍ 3 തവണ മാത്രമേ സൗജന്യ അനുവാദം നല്‍കൂ.

ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിയമം കര്‍ശനമാക്കി. വണ്ടി പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലേ റീഫണ്ട് ലഭിക്കൂ. നേരത്തെ ഇത് 4 മണിക്കൂര്‍ ആയിരുന്നു.

എല്‍പിജി, ഇന്ധന വില

ഓരോ മാസത്തെയും ആദ്യ ദിവസം ഗ്യാസ് സിലിണ്ടര്‍ വില പുതുക്കാറുണ്ട്. നിലവിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം ഏപ്രില്‍ ഒന്നിന് ഗ്യാസ്, സിഎന്‍ജി , വിമാന ഇന്ധനം എന്നിവയുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം.

money

ടാക്‌സ് ഫോമുകളുടെ പേര് മാറും

നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇന്‍കം ടാക്‌സ് ഫോമുകളുടെ പേര് മാറുന്നു:

ഫോം 16 ശമ്പളക്കാര്‍ക്കുള്ളത് ഇനി ഫോം 130 എന്നറിയപ്പെടും.

ഫോം 16A ഇനി ഫോം 131 ആകും.

ഫോം 26AS ഇനി ഫോം 168 ആയി മാറും.

വീട്ടുവാടക ഇളവ്

പുതിയ നിയമപ്രകാരം ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മെട്രോ നഗരങ്ങളുടേതിന് തുല്യമായ 50% HRA ഇളവ് ലഭിക്കും. നേരത്തെ ഇത് 40% ആയിരുന്നു.

upi

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ

യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ടുഫാക്ടര്‍ ഓതന്റിക്കേഷന്‍ ആര്‍ബിഐ നിര്‍ബന്ധമാക്കി. അതായത് പണം അയക്കുമ്പോള്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഉദാഹരണത്തിന് ഒടിപി + പിന്‍ വേണ്ടിവന്നേക്കാം.

ഓഹരി വിപണിയിലെ നികുതി

ഓഹരി വിപണിയില്‍ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡിംഗ് നടത്തുന്നവര്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചു. ഇത് ട്രേഡിംഗ് നടത്തുന്നവര്‍ക്ക് ചിലവ് വര്‍ദ്ധിപ്പിക്കും.

പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ഫോമുകളിലും ബാങ്കിങ് ചാര്‍ജുകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. പാന്‍ കാര്‍ഡ് എടുക്കാനോ പുതുക്കാനോ ആഗ്രഹിക്കുന്നവര്‍ അധിക രേഖകള്‍ കരുതാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Content Highlights: New financial year 2026 brings key reforms in taxation and banking

dot image
To advertise here,contact us
dot image