സൊമാറ്റോയും ബ്ലിങ്കിറ്റും കുതിക്കുന്നു; മാതൃകമ്പനിയായ എറ്റേണലിന്റെ ലാഭം 125 കോടി രൂപ

ബ്ലിങ്കിറ്റിന്റെ ക്വിക്ക് ഡെലിവറി ബിസിനസും ഭക്ഷണവിതരണ മേഖലയിലെ വളർച്ചയുമാണ് വരുമാന വർധനയിൽ പ്രധാന പങ്കുവഹിച്ചത്

സൊമാറ്റോയും ബ്ലിങ്കിറ്റും കുതിക്കുന്നു; മാതൃകമ്പനിയായ എറ്റേണലിന്റെ ലാഭം 125 കോടി രൂപ
dot image

ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തും ക്വിക്ക് കൊമേഴ്‌സ് മേഖലയിലും സജീവമായ എറ്റേണൽ ലിമിറ്റഡിന് രണ്ടാം പാദത്തിൽ മികച്ച ലാഭവളർച്ച. സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ എറ്റേണലിന്റെ അറ്റാദായം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 92.3 ശതമാനം ഉയർന്ന് 125 കോടി രൂപയായി.

2026 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 24,138 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ സമാന പാദത്തിൽ ഇത് 13,590 കോടി രൂപയായിരുന്നു. ഇതോടെ വരുമാനത്തിൽ 77.6 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

ബ്ലിങ്കിറ്റിന്റെ ക്വിക്ക് ഡെലിവറി ബിസിനസും ഭക്ഷണവിതരണ മേഖലയിലെ വളർച്ചയുമാണ് കമ്പനിയുടെ വരുമാന വർധനയിൽ പ്രധാന പങ്കുവഹിച്ചത്. ബ്ലിങ്കിറ്റിന്റെ വരുമാനം 93.6 ശതമാനം ഉയർന്ന് 19,152 കോടി രൂപയിലെത്തി. അതേസമയം, ഭക്ഷണ ഓർഡറിങ്, ഡെലിവറി ബിസിനസിന്റെ വരുമാനം എന്നിവ 36.7 ശതമാനം ഉയർന്ന് 3,396 കോടി രൂപയായി.

എന്നാൽ വരുമാനം ഉയർന്നതുപോലെ കമ്പനിയുടെ ചെലവുകളിലും വർധന രേഖപ്പെടുത്തിയായിട്ടുണ്ട്. ആകെ ചെലവ് മുൻവർഷത്തെ 13,813 കോടി രൂപയിൽനിന്ന് 75 ശതമാനം ഉയർന്ന് 24,166 കോടി രൂപയായി. വിതരണ ചെലവുകളും ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവുകളും മറ്റ് പ്രവർത്തനച്ചെലവുകളും ലാഭത്തെ ബാധിച്ചു.

വിപണി വിശകലന വിദഗ്ധർ 304 കോടി രൂപയുടെ അറ്റാദായം പ്രതീക്ഷിച്ചിരുന്നെങ്കിലും കമ്പനി നേടിയത് 125 കോടി രൂപ മാത്രമാണ്. അതേസമയം, വരുമാനം വിപണിയുടെ പ്രതീക്ഷയായ 23,447 കോടി രൂപയെ മറികടന്നു. കമ്പനിയുടെ EBITDA 239 കോടി രൂപയിൽനിന്ന് 752 കോടി രൂപയായി ഉയരുകയും EBITDA മാർജിൻ 1.8 ശതമാനത്തിൽനിന്ന് 3.1 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു.

മൈഗേറ്റിന്റെ ഏകദേശം 5.4 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനായി 156 കോടി രൂപയുടെ ഇടപാടിനും എറ്റേണൽ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലെ അപ്പാർട്ട്‌മെന്റുകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും സുരക്ഷയും ദൈനംദിന പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് മൈഗേറ്റ്. മൈഗേറ്റിലൂടെ റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും താമസിക്കുന്ന ഉപഭോക്താക്കളിലേക്ക് കൂടുതൽ നേരിട്ട് എത്താനാണ് എറ്റേണൽ ലക്ഷ്യമിടുന്നത്. മൈഗേറ്റിന്റെ ആപ്പും പാർപ്പിട സമുച്ചയങ്ങളിലെ ഡിജിറ്റൽ പരസ്യ ശൃംഖലയും പ്രയോജനപ്പെടുത്തി സൊമാറ്റോയ്ക്കും ബ്ലിങ്കിറ്റിനും കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും ബ്രാൻഡ് പ്രചാരണം വർധിപ്പിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.

കൂടാതെ, റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും വിനോദ പരിപാടികൾ ബുക്ക് ചെയ്യുന്നതിനുമുള്ള ബിസിനസുകൾ ഏകീകരിക്കുന്നതിനുള്ള നടപടികളും കമ്പനി പ്രഖ്യാപിച്ചു.വരുമാനത്തിലെ ശക്തമായ വളർച്ച എറ്റേണലിന്റെ ബിസിനസ് വിപുലീകരണത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഉയരുന്ന ചെലവുകൾ നിയന്ത്രിച്ച് ലാഭം മെച്ചപ്പെടുത്താൻ കമ്പനിക്ക് കഴിയുമോ എന്നതാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്.

Content Highlights: Eternal Q2 results: Net profit rises 92% to Rs 125 crore, but misses estimates

dot image
To advertise here,contact us
dot image