

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണം 1,240 രൂപയുടെ കുറവോടെ 1,04,320 രൂപയിലും ഗ്രാമിന് 155 രൂപയുടെ കുറവോടെ 13,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ 4 ദിവസത്തെ ഉയർച്ചയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
ഒക്ടോബർ പത്താം തിയതിയാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയായ 1,11,040 രൂപ രേഖപ്പെടുത്തിയത്. അവിടെ നിന്നും ഏകദേശം 20 ദിവസം കൊണ്ട് പവൻ വിലയിൽ 6,720 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിനെത്തുടർന്ന് ഡോളർ കരുത്താർജിച്ചതോടെ ആഗോള വിപണിയിൽ സ്വർണവില കുറഞ്ഞു. 3,991 ഡോളർ നിലവാരത്തിലാണ് സ്വർണ വില ട്രേഡ് ചെയ്യുന്നത്.
രാജ്യാന്തര വിപണിയിലെ താഴ്ചയുടെ പ്രതിഫലനമായാണ് ആഭ്യന്തര സ്വർണനിരക്കിലും ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 210 രൂപയിലും 10 ഗ്രാമിന് 2,100 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണം വാങ്ങുമ്പോൾ വില മാത്രം കണക്കാക്കിയാൽ പോരാ. പണിക്കൂലി ജിഎസ്ടി എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,04,320 രൂപയാണ്. ഇതിന് ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയായ 5,216 രൂപ കൂടി ചേർക്കുമ്പോൾ ആകെ തുക 1,09,536 രൂപയാകും.
സ്വർണവിലയും പണിക്കൂലിയും ചേർന്ന തുകയ്ക്ക് 3 ശതമാനം ജിഎസ്ടിയായ 3,286 രൂപ കൂടി കണക്കാക്കുമ്പോൾ ഏകദേശം 1,12,822 രൂപ ചെലവാകും. ഡിസൈൻ അനുസരിച്ച് പണിക്കൂലി, വേസ്റ്റേജ് തുടങ്ങിയവ കൂടുന്നതിനാൽ കടകളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകാം.
Content Highlights: Gold Prices Plunge in Kerala: 22-Carat Gold Falls by ₹6,720 in Just 20 Days; Check How Much You Need to Pay for 8 Grams After Making Charges and GST