സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്; 15 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനം

ചിപ്പ് നിർമ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ജൂലൈയിൽ പ്രഖ്യാപിച്ച 13.4 ബില്യൺ ഡോളറിന്റെ പുതിയ സെമികണ്ടക്ടർ ഫണ്ടാണ് ഇത്രയും വലിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായത്

സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്; 15 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനം
dot image

ആഗോള ചിപ്പ് നിർമ്മാണ രംഗത്ത് ഒരു പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വലിയൊരു ഊർജ്ജമാണ് ഈ പുതിയ നിക്ഷേപത്തിലൂടെ ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുതിയ സെമികണ്ടക്ടർ നയം പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ആഗോള-ദേശീയ കമ്പനികൾ ഈ വൻ തുക രാജ്യത്ത് നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞു. സെമികണ്ടക്ടർ ഉപകരണങ്ങൾ, ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ, കെമിക്കലുകൾ എന്നിവ ഉത്പാദിപ്പിക്കുന്ന പ്രമുഖ കമ്പനികളാണ് ഈ നിക്ഷേപങ്ങൾ നടത്തുന്നത് എന്ന് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഈ തുക പൂർണ്ണമായും ഇന്ത്യയിൽ നിക്ഷേപിക്കപ്പെടും എന്നാണ് ഔദ്യോഗിക വിവരം. ചിപ്പ് നിർമ്മാണ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ജൂലൈയിൽ പ്രഖ്യാപിച്ച 13.4 ബില്യൺ ഡോളറിന്റെ പുതിയ സെമികണ്ടക്ടർ ഫണ്ടാണ് ഇത്രയും വലിയ ആഗോള ശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായത്. മുൻപ് പ്രഖ്യാപിച്ച 10 ബില്യൺ ഡോളറിന്റെ സബ്‌സിഡി പദ്ധതി പ്രകാരം അനുമതി ലഭിച്ച ടാറ്റ ഗ്രൂപ്പ്, മൈക്രോൺ ടെക്നോളജി, മുരുഗപ്പ ഗ്രൂപ്പ് തുടങ്ങിയ വൻകിട കമ്പനികൾ ഇതിനകം തന്നെ ഇന്ത്യയിൽ ചിപ്പ് നിർമ്മാണവും ടെസ്റ്റിംഗും വിജയകരമായി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഉത്പാദിപ്പിക്കുന്ന ചിപ്പുകളുടെ മുഴുവൻ കപ്പാസിറ്റിയും മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു.

ന്യൂഡൽഹിയിൽ നടന്ന പ്രമുഖ ചിപ്പ് വ്യവസായ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് പ്രതിഭകളെയും അനുകൂലമായ സർക്കാർ നയങ്ങളെയും കുറിച്ച് എടുത്തുപറയുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്രമുഖ ചിപ്പ് ഉപകരണ നിർമ്മാതാക്കളായ അപ്ലൈഡ് മെറ്റീരിയൽസ് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റൊരു പ്രമുഖ കമ്പനിയായ ലാം റിസർച്ച് 1 ബില്യൺ ഡോളർ ചിലവിൽ ഒരു പ്രാദേശിക ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നു. കൂടാതെ, ഈ വർഷം ഉത്പാദനം ആരംഭിക്കുന്ന മൈക്രോൺ ടെക്നോളജി 2027 ഓടെ ദശലക്ഷക്കണക്കിന് ചിപ്പുകൾ ഇന്ത്യയിൽ തന്നെ പരിശോധിച്ച് അസംബിൾ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് സെമികണ്ടക്ടർ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി ഈ ചടങ്ങിൽ അഞ്ച് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. ഗുജറാത്തിലെയും അസമിലെയും ടാറ്റയുടെ പ്ലാന്റുകൾക്കായി നെക്സ്പീരിയ ബിവി എന്ന കമ്പനിയുമായി ചേർന്നാണ് വാഫർ നിർമ്മാണവും ടെസ്റ്റിംഗും നടത്തുന്നത്. കൂടാതെ, ചിപ്പ് നിർമ്മാണത്തിന് ആവശ്യമായ നിർണായക അസംസ്‌കൃത വസ്തുക്കളുടെ പ്രാദേശിക ഉത്പാദനത്തിനായി ടാറ്റ ഇലക്ട്രോണിക്സ് ഫ്യൂജിഫിലിം കമ്പനിയുമായും കൈകോർക്കുന്നുണ്ട്. ഇന്ത്യയിൽ ചിപ്പുകൾ നിർമ്മിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിൽ നിന്നും, എത്ര വേഗത്തിലും ആഴത്തിലും രാജ്യത്ത് ഈ ആവാസവ്യവസ്ഥ വളർത്തിയെടുക്കാം എന്ന തലത്തിലേക്ക് രാജ്യം മുന്നേറിക്കഴിഞ്ഞതായി ടാറ്റ ഇലക്ട്രോണിക്സ് സിഇഒ രൺധീർ താക്കൂർ അഭിപ്രായപ്പെട്ടു.

Content Highlights:India is attracting around $15 billion in semiconductor-related investments from global and domestic companies. The investments are expected to be deployed in India over the next two to three years.

dot image
To advertise here,contact us
dot image