ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് ഇന്ത്യ

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു
dot image

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 26% ഉയര്‍ന്നു. ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് 18% കുറഞ്ഞെങ്കിലും ചെലവ് 49 ബില്യണ്‍ ഡോളറിലെത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷം എണ്ണ വിതരണത്തെ ബാധിക്കുകയും ആഗോള എണ്ണവില ഉയരുകയും ചെയ്തതാണ് ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ പ്രധാന കാരണമായത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ 5.97 കോടി ടണ്‍ (59.7 മില്യണ്‍ ടണ്‍) ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 കോടി ടണ്ണായിരുന്നു. ഇറക്കുമതി അളവ് കുറഞ്ഞിട്ടും, ഇറക്കുമതി ചെലവ് 2025 ഏപ്രില്‍-ജൂണിലെ 39 ബില്യണ്‍ ഡോളറില്‍ നിന്ന് 49 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇന്ത്യയുടെ വാര്‍ഷിക എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 88% ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ ആഗോള എണ്ണവിലയിലെയും രൂപയുടെ വിനിമയനിരക്കിലെയും മാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു. ഫെബ്രുവരിയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന് മുമ്പ് ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെയായിരുന്നു. എന്നാല്‍, ആഗോള എണ്ണ വിതരണത്തിലെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില കുതിച്ചുയര്‍ന്നു. ലോകത്തെ ആകെ എണ്ണ ഗതാഗതത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം 40% ഈ പാതയിലൂടെയായിരുന്നു.

സംഘര്‍ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 120 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചു. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 1.8 മുതല്‍ 2 ബില്യണ്‍ ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. അതിനാല്‍ ഒരു ബാരലിന്റെ വിലയില്‍ 1 ഡോളര്‍ വര്‍ധിച്ചാല്‍ രാജ്യത്തിന്റെ വാര്‍ഷിക എണ്ണ ഇറക്കുമതി ചെലവില്‍ ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ വര്‍ധന ഉണ്ടാകാം.

ഗതാഗതച്ചെലവ്, ഇന്‍ഷുറന്‍സ്, യുദ്ധസാധ്യതാ പ്രീമിയം തുടങ്ങിയവയിലെ വ്യത്യാസങ്ങള്‍ കാരണം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡിന്റെ വിലയിലും വ്യത്യാസമുണ്ടായി. ഈ പാദത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായിരുന്ന റഷ്യയില്‍ നിന്ന് ലഭിച്ച എണ്ണയുടെ ശരാശരി വില ടണ്ണിന് 2,408 ഡോളറായിരുന്നു. യുഎഇയില്‍ നിന്നുള്ള ക്രൂഡിന്റെ ശരാശരി വില ടണ്ണിന് 2,213 ഡോളറായിരുന്നു.

1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായി സാധ്യമായിടത്തുനിന്നെല്ലാം എണ്ണ വിതരണം ഉറപ്പാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ അന്നത്തെ പ്രധാന മുന്‍ഗണന. സംഘര്‍ഷത്തിന് മുമ്പ് ലഭിച്ചിരുന്ന ക്രൂഡ് ഓയിലിലെ വിലക്കിഴിവുകള്‍ പിന്നീട് ഇല്ലാതായെന്നും റിഫൈനര്‍മാര്‍ക്ക് ഉയര്‍ന്ന യുദ്ധസാധ്യതാ പ്രീമിയം നല്‍കേണ്ടിവന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായി റഷ്യ

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും റഷ്യയില്‍ നിന്നായിരുന്നു. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരെന്ന സ്ഥാനം റഷ്യ നിലനിര്‍ത്തി. 4.6% ഇറക്കുമതി വിഹിതവുമായി യുഎഇയാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ 9.9%, വെനസ്വേല 5.2%, ഒമാന്‍ 4.5% എന്നിങ്ങനെയാണ് മറ്റ് പ്രധാന വിതരണക്കാരുടെ വിഹിതം.

പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലമുണ്ടായ എണ്ണവിലയിലെ മാറ്റങ്ങളും ഉയര്‍ന്ന യുദ്ധസാധ്യതാ പ്രീമിയവും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് ആഗോള സംഘര്‍ഷങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. വിദേശ ക്രൂഡിനെ ഇന്ത്യ വലിയ തോതില്‍ ആശ്രയിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

Content Highlights: India’s crude oil import bill surged 26% to $49 billion in Q1 FY27 despite an 18% drop in import volumes, driven by higher global oil prices amid West Asia tensions

dot image
To advertise here,contact us
dot image