

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർ ക്രാഫ്റ്റിന് (AMCA) തദ്ദേശീയമായി എൻജിൻ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് എയ്റോസ്പേസ് കമ്പനിയായ റോള്സ് റോയ്സും കൈകോർക്കുന്നു. എൻജിന്റെ രൂപകൽപ്പന, വികസനം, നിർമാണം, വിതരണം എന്നിവയിൽ ഇരു കമ്പനികളും സഹകരിക്കാനാണ് തീരുമാനം.
ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പ്രതിരോധ സ്വയം പര്യാപ്തതാ പദ്ധതിക്ക് നിർണായക ചുവടുവയ്പ്പായാണ് പുതിയ പങ്കാളിത്തത്തെ വിലയിരുത്തുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങളുടെ എൻജിൻ സാങ്കേതികവിദ്യയിൽ ഇന്ത്യയ്ക്ക് ഇപ്പോഴും വിദേശ സഹകരണത്തെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിലാണ് AMCA പദ്ധതിക്കായി ഇന്ത്യയിൽ തന്നെ എൻജിൻ വികസിപ്പിക്കാനുള്ള നീക്കം ശ്രദ്ധേയമാകുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയിൽ പ്രത്യേക എയ്‌റോസ്‌പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള സാധ്യത റിലയൻസും റോള്സ് റോയ്സും പരിശോധിക്കും. പവർ, പ്രൊപ്പൽഷൻ സാങ്കേതികവിദ്യകളുടെ മികവുകേന്ദ്രമായി ഈ സമുച്ചയം പ്രവർത്തിക്കുകയാണ് ലക്ഷ്യം.
റോള്സ് റോയ്സിന്റെ അത്യാധുനിക പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും അനുഭവസമ്പത്തും റിലയൻസിന്റെ നിർമാണശേഷി, സാങ്കേതികവിദ്യ, വൻതോതിലുള്ള വ്യവസായിക അടിസ്ഥാനസൗകര്യം എന്നിവയുമായി സംയോജിപ്പിച്ചായിരിക്കും പദ്ധതി മുന്നോട്ടുപോകുക. ഇതിലൂടെ ഇന്ത്യയിൽ സമഗ്രമായ എയ്റോ-എൻജിൻ വ്യവസായ സംവിധാനം വളർത്തുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് യുദ്ധവിമാന പദ്ധതിയാണ് AMCA. ഇരട്ട എൻജിനുള്ള മധ്യഭാര വിഭാഗത്തിലുള്ള അഞ്ചാം തലമുറ യുദ്ധവിമാനമായാണ് ഇത് വികസിപ്പിക്കുന്നത്. പദ്ധതിയുടെ പ്രോട്ടോടൈപ്പ് 2028-ഓടെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. യുദ്ധ വിമാനത്തിന്റെ എയർഫ്രെയിം, റഡാർ, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും അത്യാധുനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഉയർന്ന താപനിലയിലും അതിശക്തമായ സമ്മർദത്തിലും വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന എൻജിൻ വികസിപ്പിക്കുന്നത് അതീവ സങ്കീർണമായ സാങ്കേതിക ദൗത്യമാണ്.
AMCA എൻജിൻ വികസന രംഗത്ത് റോൾസ് റോയ്സിന്റെ നീക്കം ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായുള്ള മത്സരത്തിനും വഴിയൊരുക്കുന്നുണ്ട്. സഫ്രാനും ഇന്ത്യയുടെ ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റുമായി (GTRE) ചേർന്ന് ഉയർന്ന ത്രസ്റ്റ് ശേഷിയുള്ള എൻജിൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നുണ്ട്.
ഇന്ത്യയ്ക്ക് ആവശ്യമായത് വെറും ഒരു യുദ്ധവിമാന എൻജിൻ മാത്രമല്ല. ഭാവിയിലെ പോർവിമാനങ്ങൾക്കും മറ്റ് സൈനിക വിമാനങ്ങൾക്കും ഉപയോഗിക്കാവുന്ന സ്വദേശീയ എയ്റോസ്പേസ് പ്രൊപ്പൽഷൻ ശേഷി കെട്ടിപ്പടുക്കുകയാണ് വലിയ ലക്ഷ്യം. റിലയൻസ് ഇൻഡസ്ട്രീസിനെ സംബന്ധിച്ചും പ്രതിരോധ മേഖലയിൽ ഈ നീക്കം ശ്രദ്ധേയമായ വിപുലീകരണമാണ്.
വൻതോതിലുള്ള വ്യവസായിക ശേഷിയും നിർമാണ അടിസ്ഥാനസൗകര്യവും ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന ശൃംഖലയിൽ കൂടുതൽ വലിയ പങ്കാളിയാകാനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന് എൻജിൻ മാത്രമല്ല, അതിന്റെ പിന്നിൽ നിൽക്കുന്ന സാങ്കേതിക സ്വയംപര്യാപ്തതയാണ് ഈ കൂട്ടുകെട്ടിന്റെ യഥാർഥ ലക്ഷ്യം.
Content Highlights: Reliance, Rolls-Royce join hands to develop indigenous AMCA fighter jet engine in India