ഒഴുകിയെത്തിയത് ഒരു ലക്ഷം കോടിയുടെ നിക്ഷേപം; അതും വിജയ് അധികാരത്തിലേറി 100 ദിവസത്തിൽ; റിപ്പോർട്ട്

104 ധാരണാപത്രങ്ങൾ 100 ദിവസത്തിൽ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ

ഒഴുകിയെത്തിയത് ഒരു ലക്ഷം കോടിയുടെ നിക്ഷേപം; അതും വിജയ് അധികാരത്തിലേറി 100 ദിവസത്തിൽ; റിപ്പോർട്ട്
dot image

വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന 'വെട്രി' നിക്ഷേപ കോൺക്ലേവിലാണ് ഈ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടത്.

104 ധാരണാപത്രങ്ങൾ 100 ദിവസത്തിൽ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ നേരിട്ടും അല്ലാതെയും 1,21,788 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. കോൺക്ലേവിൽ മാത്രം 97 കമ്പനികളാണ് ധാരണാപത്രം ഒപ്പിട്ടത്. 67,452 കോടി രൂപയുടെ ഈ കരാറുകൾ വഴി 1,06,998 തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബാക്കിയുള്ളവയിൽ ഏഴ് സ്ഥാപന കരാറുകൾ ആണ് ഉൾപ്പെടുന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രങ്ങളിൽ 15 മേഖലകളിലായി 106 പദ്ധതികൾ ഉൾക്കൊള്ളുന്നു.

ഡാറ്റ സെന്ററുകളാണ് പദ്ധതികളിൽ ഏറ്റവും കൂടുതൽ. 26,417 കോടി രൂപയാണ് സമാഹരിച്ചത്. ഓട്ടോമോട്ടീവ് (17,073 കോടി രൂപ), പുനരുപയോഗ ഊർജം (15,787 കോടി രൂപ), ക്രിട്ടിക്കൽ എഞ്ചിനീയറിംഗ് (9,525 കോടി രൂപ) എന്നിവയാണ് പിന്നിൽ. ടെക്‌സ്‌റ്റൈൽസ്, ഇലക്ട്രോണിക്സ്, സെമികണ്ടക്റ്റർസ്, ലൈഫ് സയൻസ്, ഡീപ് ടെക്ക് തുടങ്ങിയ മേഖലകളിലും നിക്ഷേപങ്ങൾ വന്നിട്ടുണ്ട്.

106 പദ്ധതികളിൽ 56ഉം ഗ്രീൻഫീൽഡ് ഡെവലപ്മെന്റ് പദ്ധതികളാണ്. 25 കമ്പനികൾ പുതിയതായി പ്രവർത്തനം ആരംഭിക്കുന്നവയാണ്. സംസ്ഥാനത്തിന് പുറത്തുള്ള പ്രധാനപ്പെട്ട വ്യാവസായിക മേഖലകളിലേക്കും നിക്ഷേപങ്ങൾ എത്തിയിട്ടുണ്ട്. 40,722 കോടി രൂപയുടെ 54 പദ്ധതികളും 61,480 തൊഴിൽ അവസരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

വലിയ നിക്ഷേപ, വ്യാവസായിക പദ്ധതികൾ എത്താത്ത രാമനാഥപുരത്ത് 1000 കോടിയുടെ നിക്ഷേപമാണ് വരുന്നത്. 10000 തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ജില്ലയിൽ ആകെ 19 പദ്ധതികളാണ് വരിക. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ലഭിച്ചതും കോൺക്ലേവിന്റെ പ്രത്യേകതയാണ്.22,268 കോടി രൂപയുടെ 30 പദ്ധതികളാണ് തമിഴ്‌നാട്ടിൽ ഇതുവഴി വരിക. 38,357 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ദക്ഷിണ കൊറിയ, യുഎസ്, ഓസ്‌ട്രേലിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് നിക്ഷേപം വന്നിട്ടുള്ളത്.

ഉയർന്ന മൂല്യമുള്ള വ്യാവസായിക ഉത്‌പാദനങ്ങളിലേക്കും സർക്കാർ കടന്നിട്ടുണ്ട്. ഇലക്ട്രോണിക്സ്, സെമികണ്ടക്ടറുകൾ, എയ്‌റോസ്‌പേസ്, പ്രതിരോധം, ലൈഫ് സയൻസസ്, ഡാറ്റാ സെന്ററുകൾ, ഡീപ്‌ടെക്, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെ നാൽപ്പത് പദ്ധതികൾ 25,487 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പതിമൂന്ന് പദ്ധതികൾ കോൺക്ലേവിൽ ഉദ്‌ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തു. 7,152 കോടി രൂപയുടെ നിക്ഷേപവും 6,624 തൊഴിൽ അവസരങ്ങളുംമാണ് ഇവയിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.പദ്ധതി നിർവ്വഹണം വേഗത്തിലാക്കാൻ ചില നടപടിക്രമങ്ങളിലും മറ്റും മാറ്റങ്ങൾ വരുത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.

Content Highlights: Vijay-led government reportedly achieved investment commitments of Rs 1.02 lakh crore within 100 days of assuming power. The figures were announced during the Vetri Investment Conclave, highlighting Tamil Nadu’s focus on attracting industries, strengthening economic growth, and bringing new development projects to the state.

dot image
To advertise here,contact us
dot image