

ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി മധ്യപ്രദേശിലെ ബിനയിലും രാജസ്ഥാനിലെ ബിക്കാനീറിലും പുതിയ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് സൗകര്യങ്ങൾ സ്ഥാപിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. ആഗോളതലത്തിൽ ഉണ്ടാകാൻ ഇടയുള്ള വിതരണ തടസ്സങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി കർണാടകയിലെ മംഗലാപുരത്ത് നിലവിലുള്ള സംഭരണ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.സംഭരണശാല നിർമ്മിക്കുന്നതിനുള്ള സാധ്യതാ പഠനം ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസേർവ്സ് ലിമിറ്റഡ് പൂർത്തിയാക്കി, അത് അന്തിമമാക്കിവരികയാണ്. മധ്യപ്രദേശിലെ ബിനയിലെ പ്രാഥമിക സാധ്യതാ പഠനം പൂർത്തിയായിക്കഴിഞ്ഞു. വിശദമായ ഫീസിബിലിറ്റി റിപ്പോർട്ട് ഉടൻ തന്നെ ആരംഭിക്കും. മംഗലാപുരത്ത് നിലവിലുള്ള ഫേസ്-1 പ്ലാന്റിനോട് ചേർന്ന് 1.7 മില്യൺ ടൺ സംഭരണശേഷിയുള്ള പുതിയ സൗകര്യം ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ നിർമ്മിക്കും. ഇതിനായി 155 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യക്ക് നിലവിൽ 5.3 മില്യൺ ടൺ തന്ത്രപ്രധാനമായ എണ്ണ സംഭരണ ശേഷിയുണ്ട്. ഇത് രാജ്യത്തിന്റെ ഏകദേശം 9.5 ദിവസത്തെ അസംസ്‌കൃത എണ്ണയുടെ ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്.
സർക്കാർ നേരത്തെ തന്നെ ഫേസ്-II വിപുലീകരണത്തിന് കീഴിൽ 6.5 മില്യൺ ടൺ അധിക സംഭരണശേഷിക്ക് അംഗീകാരം നൽകിയിരുന്നു. ഒഡീഷയിലെ ചന്ദിഖോൾ എന്ന സ്ഥലത്ത് 400 ഏക്കർ ഭൂമി ഏറ്റെടുക്കുകയും 4 മില്യൺ ടൺ സംഭരണശാലയ്ക്കായുള്ള ടെൻഡർ നടപടികൾ (RFP) പുരോഗമിക്കുകയും ചെയ്യുന്നു. കർണാടകയിൽ 2.5 മില്യൺ ടൺ ശേഷിയുള്ള ഈ പദ്ധതിക്കായി 2025 ഒക്ടോബറിൽ കമ്പനിയുമായി കരാർ ഒപ്പിട്ടു, സാമ്പത്തിക നടപടികൾ പുരോഗമിക്കുന്നു.
ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ച് രാജ്യത്ത് 90 ദിവസത്തെ ക്രൂഡ് ഓയിൽ സംഭരണശേഷി കൈവരിക്കാനും, കൂടുതൽ അനുയോജ്യമായ ഭൂഗർഭ എണ്ണ സംഭരണ കേന്ദ്രങ്ങൾ കണ്ടെത്താനും പാർലമെന്ററി സമിതി പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: India plans new Strategic Petroleum Reserve (SPR) facilities in Bina, Madhya Pradesh and Bikaner, Rajasthan to strengthen energy security. Existing crude oil storage capacity at Mangaluru, Karnataka will be expanded with a new 1.7 million tonne facility. Indian Strategic Petroleum Reserves Limited has completed feasibility studies for new storage projects. India currently has 5.3 million tonnes of strategic crude oil storage capacity, covering around 9.5 days of domestic crude oil demand.