ലൈസൻസ് കാലാവധി നാല് വർഷം; കുവൈറ്റിൽ സ്വകാര്യ ഫാർമസികൾക്ക് പുതിയ ചട്ടങ്ങൾ

സ്വദേശി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിനായി വ്യക്തവും കർശനവുമായ മാനദണ്ഡങ്ങളാണ് പുതിയ നിയമത്തിലുള്ളത്.

ലൈസൻസ് കാലാവധി നാല് വർഷം; കുവൈറ്റിൽ സ്വകാര്യ ഫാർമസികൾക്ക് പുതിയ ചട്ടങ്ങൾ
dot image

സ്വകാര്യ മേഖലയിലുള്ള ഫാർമസികളുടെ ലൈസൻസിങ് നടപടികളും മരുന്നുകളുടെയും മെഡിക്കൽ ഉത്പ്പന്നങ്ങളുടെയും വിതരണവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവിൽ ഒപ്പുവെച്ചത്. മരുന്ന് വിതരണ രംഗത്ത് കൂടുതൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഈ നീക്കത്തിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.

സ്വകാര്യ ഫാർമസികൾക്ക് പ്രവർത്തനാനുമതി നൽകുന്നത് മുതൽ അവയുടെ നടത്തിപ്പ്, മരുന്നുകളുടെ സുരക്ഷിതമായ സൂക്ഷിപ്പ്, ഉപഭോക്താക്കളിലേക്കുള്ള ഡോർ-സ്റ്റെപ്പ് ഡെലിവറി വരെയുള്ള എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് പുതിയ സമഗ്ര നിയമാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഫാർമസികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും അവരുടെ മേൽനോട്ടക്കാരുടെയും ഔദ്യോഗികവും തൊഴിൽപരവുമായ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്നും മന്ത്രാലയം ഇറക്കിയ വാർത്താക്കുറിപ്പിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

സ്വദേശി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിനായി വ്യക്തവും കർശനവുമായ മാനദണ്ഡങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇതിൻപ്രകാരം സ്വകാര്യ ഫാർമസി ലൈസൻസുകളുടെ കാലാവധി നാല് വർഷമായി നിജപ്പെടുത്തി. പുതിയ ലൈസൻസ് അനുവദിക്കൽ, നിലവിലുള്ളവ പുതുക്കൽ, ഫാർമസികളുടെ വിസ്തീർണമോ ലൊക്കേഷനോ മാറ്റൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ ഉത്തരവിൽ ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ, ഫാർമസികൾക്ക് കീഴിൽ പുതിയ ഗോഡൗണുകൾ കൂട്ടിച്ചേർക്കൽ, താത്കാലികമായോ പൂർണ്ണമായോ പ്രവർത്തനം നിർത്തിവെക്കൽ, പിന്നീട് പുനരാരംഭിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും യോഗ്യതകളും അംഗീകാരങ്ങളും എങ്ങനെയെന്ന് പുതിയ ഉത്തരവിൽ വിശദീകരിക്കുന്നു. പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാൻ ഈ പരിഷ്കാരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Kuwait has announced new regulations for private pharmacies, setting the licence validity period at four years. The updated rules aim to streamline pharmacy operations and improve regulatory standards.

dot image
To advertise here,contact us
dot image