

അബുദാബി മുഷ്‌രിഫ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങളോ മറ്റ് തടസ്സങ്ങളോ ഒന്നും ഇല്ലാതെ മണിക്കൂറുകളോളം ജനങ്ങൾക്കിടയിലൂടെ നടന്ന അദ്ദേഹം അവരുടെ ക്ഷേമാന്വേഷണങ്ങൾ നേരിട്ട് ചോദിച്ച് അറിയുകയും ചെയ്തു. പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ എംഎ യൂസഫലിയും മാളിലുണ്ടായിരുന്നു.
സുരക്ഷാ പരിശോധനകളോ മറ്റ് തടസ്സങ്ങളോ സൃഷ്ടിച്ച് സാധാരണക്കാരുടെ സഞ്ചാരം തടയരുതെന്ന് മുൻകൂട്ടി നിർദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മാളിലേക്ക് കടന്നുവന്ന പ്രസിഡന്റിനെ ജനങ്ങൾ കൈവീശി അഭിവാദ്യം ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന എല്ലാവരോടും കൈകൊടുത്തും പുഞ്ചിരിച്ചും സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ഹൈപ്പർമാർക്കറ്റിലെ ഓരോ വിഭാഗങ്ങളിലും നേരിട്ടെത്തി സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും വിലയും അദ്ദേഹം നിരീക്ഷിച്ചു. പ്രത്യേകിച്ച് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന യുഎഇ ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ കൂടുതൽ സമയം ചെലവഴിച്ച അദ്ദേഹം അവയെക്കുറിച്ചു ജീവനക്കാരോട് ചോദിച്ചറിഞ്ഞു. “നിങ്ങൾ ഇവിടെ സന്തോഷവാന്മാരാണോ? എന്തെങ്കിലും പരാതികളുണ്ടോ?” എന്ന് ജീവനക്കാരോടും അവിടുത്തെ ഉപഭോക്താക്കളോടും അദ്ദേഹം ആവർത്തിച്ചു ചോദിക്കുന്നതും പുറത്ത് വരുന്ന ദൃശ്യങ്ങളിലുണ്ട്
സന്ദർശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ തോളിൽ തട്ടി "ഗുഡ് ജോബ്" എന്ന് പറഞ്ഞ് പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു. ഏകദേശം 45 മുതൽ 50 മിനിറ്റോളം മാളിൽ ചെലവഴിച്ച പ്രസിഡന്റ് തിരക്കേറിയ സമയത്തെ നഗരജീവിതം നേരിട്ട് മനസ്സിലാക്കുകയായിരുന്നുവെന്ന് അവിടെയുണ്ടായിരുന്ന മലയാളി പ്രവാസി അബ്ദുൾ റഹ്മാൻ പറഞ്ഞു. തദ്ദേശവാസികളും വിദേശികളും ഒരുപോലെ വലിയ ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ലുലു ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരോടും അവിടുത്തെ ജീവനക്കാരോടും അദ്ദേഹം പ്രത്യേകം ആശയവിനിമയം നടത്തി. ഓരോരുത്തരോടും പേരും ജോലി ചെയ്യുന്ന വർഷങ്ങളും ചോദിച്ചറിഞ്ഞ അദ്ദേഹം, വിപണിയിലെ വിലക്കയറ്റം, സാധനങ്ങളുടെ ലഭ്യത എന്നിവയെക്കുറിച്ചും വിശദമായി സംസാരിച്ചു. തുടർന്ന് ജീവനക്കാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സാധാരണക്കാരെ ചേർത്തുപിടിക്കുന്ന യു.എ.ഇ ഭരണാധികാരിയുടെ ഈ ലളിതവും ഊഷ്മളവുമായ പെരുമാറ്റം പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ വലിയ അനുഭൂതിയായി മാറി.
Content highlights: UAE President Sheikh Mohamed bin Zayed Al Nahyan made an unannounced visit to Lulu Hypermarket at Mushrif Mall in Abu Dhabi. He spent more than 50 minutes interacting with shoppers and staff, shaking hands and taking selfies. The President also asked residents about their happiness and experience of living in the UAE during the warm interaction