

അമേരിക്കന്‍ തീരുവ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കുമിടയിലും റെക്കോര്‍ഡ് കയറ്റുമതി നേടി തിരുപ്പൂര്‍ ടെക്‌സ്റ്റൈല്‍ വ്യവസായം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 46,000 കോടിയുടെ റെക്കോര്‍ഡ് കയറ്റുമതിയാണ് നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷമായ 2024-25 ലെ 44,747 കോടിയെ അപേക്ഷിച്ച് ഇത് 3 ശതമാനം വളര്‍ച്ചയാണ്.
തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ 2030ഓടെ 1 ലക്ഷം കോടി കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. 2030ഓടെ 100 ബില്യണ്‍ ഡോളറാണ് കയറ്റുമതി ലക്ഷ്യം. കേന്ദ്ര തുണിത്തര മന്ത്രി ഗിരിരാജ് സിങ് തിരുപ്പൂര്‍ സന്ദര്‍ശിച്ച് വ്യവസായ മേഖലയ്ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പുനല്‍കി. 2030ഓടെ ഇന്ത്യയുടെ തുണിത്തര കയറ്റുമതി നിലവിലെ 38 ബില്യണ്‍ ഡോളറില്‍ നിന്ന് 100 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തിരുപ്പൂര്‍ വ്യവസായം പരമ്പരാഗത കോട്ടണ്‍ ഉല്‍പ്പാദനത്തില്‍ നിന്ന് മാന്‍ മെയ്ഡ് ഫൈബര്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളിലേക്കും മാറേണ്ട സമയമാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും സുസ്ഥിര ഉല്‍പ്പാദന രീതികളും സ്വീകരിക്കണമെന്നും അദ്ദേഹം വ്യവസായത്തോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ നിറ്റ്വെയര്‍ കയറ്റുമതി
2025-26ല്‍ ഇന്ത്യയുടെ മൊത്തം നിറ്റ്വെയര്‍ കയറ്റുമതിയുടെ ഏകദേശം 60 ശതമാനവും തിരുപ്പൂരില്‍ നിന്നാണ്്. ഈ മേഖലയിലൂടെ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴിലും ലഭിക്കുന്നുണ്ട്.
ശക്തമായ വിദേശ ഓര്‍ഡറുകളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയും കയറ്റുമതി വര്‍ധിക്കാന്‍ സഹായകരമായി. ആഗോള വിപണിയിലെ ആവശ്യകത വര്‍ധിച്ചത് മേഖലയ്ക്ക് പിന്തുണയേകി. 2025-26ല്‍ ഒരു യുഎസ് ഡോളറിന് ശരാശരി 85.6 മുതല്‍ 86 രൂപ വരെ ലഭിച്ചു.
തമിഴ്‌നാടിനുള്ള ലക്ഷ്യങ്ങള്‍
2030ഓടെ ഇന്ത്യയുടെ 100 ബില്യണ്‍ ഡോളര്‍ തുണിത്തര കയറ്റുമതി ലക്ഷ്യത്തില്‍ തമിഴ്‌നാടിന് മാത്രം 21 ബില്യണ്‍ ഡോളറിന്റെ ലക്ഷ്യമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ 11.5 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യേണ്ടത് തിരുപ്പൂരാണ്. അതേസമയം, 2031ഓടെ 1,000 കോടി രൂപ മൂല്യമുള്ള ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പാദനവും 5,000 വിദഗ്ധ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ലക്ഷ്യം.
2026 ജൂലൈ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 38 രാജ്യങ്ങളുമായി വ്യാപാര കരാറുകളാണുള്ളത്. ഇത് തുണിത്തര കയറ്റുമതിക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: Tiruppur's knitwear exports reached a record ₹46,000 crore in FY26 despite global trade uncertainties, with the industry now targeting ₹1 trillion in exports by 2030 through expansion, sustainability, and man-made fibre production