സൗദിയിൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വെബ്‌സൈറ്റുകൾ; ജാഗ്രത പാലിക്കാൻ വാണിജ്യ മന്ത്രാലയം

പൊതുജനങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുകയോ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്

സൗദിയിൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വെബ്‌സൈറ്റുകൾ; ജാഗ്രത പാലിക്കാൻ വാണിജ്യ മന്ത്രാലയം
dot image

മന്ത്രാലയത്തിന്റെ ഔദ്യോഗിക ലോഗോയും പേരും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ഉപഭോക്താക്കൾക്ക് കര്‍ശന മുന്നറിയിപ്പുമായി സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നുവെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. സേവനങ്ങൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സെര്‍ച്ച് എന്‍ജിനുകളിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മന്ത്രാലയത്തിന്റെ പേരും ചിഹ്നവും അനധികൃതമായി ഉപയോഗിച്ചാണ് ഇവർ വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. ഉപഭോക്തൃ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്നോ, വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കാമെന്നോ ഒക്കെയാണ് ഈ വെബ്‌സൈറ്റുകൾ അവകാശപ്പെടുന്നത്. എന്നാൽ ഇവയ്ക്ക് സൗദി വാണിജ്യ മന്ത്രാലയവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അധികൃതര്‍ നിസംശയം വ്യക്തമാക്കി.

പരാതി സ്വീകരിക്കുന്നതിന്റെയോ അന്വേഷണം നടത്തുന്നതിന്റെയോ പേരിൽ വ്യക്തിഗത വിവരങ്ങള്‍, മൊബൈല്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മറ്റ് സ്വകാര്യ ഒടിപികൾ എന്നിവ ചോർത്തിയെടുക്കുകയാണ് ഇത്തരം വ്യാജന്മാരുടെ പ്രധാന ലക്ഷ്യം. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുകയോ വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന എല്ലാ ലിങ്കുകളും കൃത്യമായി പരിശോധിക്കാതെ വിശ്വസിക്കരുതെന്നും സുരക്ഷിതമായി മാത്രം ഓൺലൈൻ ഇടപാടുകൾ നടത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Content Highlights: Saudi Arabia’s Ministry of Commerce has issued a warning about fake websites targeting consumers, urging the public to remain vigilant against online fraud and scams.

dot image
To advertise here,contact us
dot image