മുഖ്യമന്ത്രിയുടേത് തന്നോട് സംസാരിച്ചതിന്റെ തുടർച്ച;'ഒരുകാരണവശാലും കൊടുക്കില്ലെന്ന'പരാമർശത്തിൽ കുഞ്ഞാലിക്കുട്ടി

തന്നോട് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ചോദ്യം വന്നത് തുടര്‍ന്ന് അതിന് മറുപടി പറഞ്ഞ ശേഷം തന്നോട് സംസാരം തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടേത് തന്നോട് സംസാരിച്ചതിന്റെ തുടർച്ച;'ഒരുകാരണവശാലും കൊടുക്കില്ലെന്ന'പരാമർശത്തിൽ കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം: മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മറുപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് റെജി ചെറിയാൻ എംഎൽഎയ്ക്കുള്ള മറുപടി അല്ലെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. തന്നോട് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ചോദ്യം വന്നത്. തുടര്‍ന്ന് അതിന് മറുപടി പറഞ്ഞ ശേഷം തന്നോട് സംസാരം തുടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെജി ചെറിയാനോടല്ല മുഖ്യമന്ത്രി പറഞ്ഞതെന്ന് തനിക്ക് നന്നായിട്ടറിയാം. ഈ വിഷയത്തില്‍ ലോകത്തെപ്പറ്റിക്കാം എന്നാല്‍ തന്നെ പറ്റിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ഇന്നലെ ചമ്പക്കുളത്ത് മൂലം ജലോത്സവം ഫാന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലം കത്തിച്ചിരുന്നു. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിക്കുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടേത് ധിക്കാരപൂര്‍വമായ സമീപനമാണെന്നും കുട്ടനാടന്‍ ജനതയെ മുഴുവര്‍ ഇതിലൂടെ അപമാനിച്ചെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു ജലാത്സവം ഫാന്‍സ് ക്ലബിന്റെ ആവശ്യം. ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളം തുഴഞ്ഞ് പ്രതിഷേധിക്കുമെന്നും അറിച്ചിട്ടുണ്ട്.

എംഎല്‍എയുടെ ആദ്യ സബ്മിഷനില്‍ തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ കേരള കേണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലും അതൃപ്തി പുകയുകയാണ്. ഇതിനിടെ വിവാദത്തില്‍ എംഎല്‍എ റെജി ചെറിയാന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്നും സഭാ ടിവി എടുത്തു നോക്കിയപ്പോള്‍ മനസ്സിലായെന്നുമാണ് റെജി ചെറിയാന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും അദ്ദേഹം മറുപടി പറയണമെന്നും റെജി ചെറിയാന്‍ ആവശ്യപ്പെട്ടു. എംഎല്‍എ എന്ന നിലയില്‍ അത് തന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം മൈക്കിലൂടെ പുറത്താകുകയായിരുന്നു. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു റെജി ചെറിയാന്റെ സബ്മിഷന്‍. വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും എന്നായിരുന്നു സതീശന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം സീറ്റില്‍ ഇരുന്നശേഷം 'ഒരു കാരണവശാലും കൊടുക്കില്ല' എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇതാണ് മൈക്കിലൂടെ പുറത്തുവന്നത്.

പിന്നാലെ വിഷയം സിപിഐഎം ഏറ്റെടുത്തു. വി ഡി സതീശനെ പരിഹസിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത എന്നായിരുന്നു കെ യു ജനീഷ് പറഞ്ഞത്. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും ജനീഷ് കുമാര്‍ പരിഹസിച്ചിരുന്നു.

Content Highlights: Responding to the Moolam Vallamkali controversy, IUML leader Kunhalikutty said the Chief Minister's public remarks were consistent with the discussions they had earlier. His statement adds a fresh political perspective to the ongoing debate surrounding the traditional boat race and the government's handling of the issue.

dot image
To advertise here,contact us
dot image