

വെനസ്വേലൻ എണ്ണപ്പാടങ്ങൾ സ്വന്തമാക്കാനുള്ള നീക്കവുമായി ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC). വെനസ്വേലയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ഉൽപ്പാദക കമ്പനിയായ പിഡിവിഎസ്എ (PDVSA)യുടെ എണ്ണപ്പാടങ്ങളിലെ ഓഹരികൾ വാങ്ങാൻ ചർച്ചകൾ നടത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോർട്ട്. ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ രണ്ട് പ്രധാന എണ്ണപ്പാടങ്ങളിലെ പിഡിവിഎസ്എയുടെ ഭാഗികമായോ അല്ലെങ്കിൽ മുഴുവനായോ ഉള്ള ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് ഒഎൻജിസിയുടെ നീക്കം.
കുറഞ്ഞ എണ്ണവില, മോശം സാമ്പത്തിക മാനേജ്മെന്റ്, യു.എസ് ഉപരോധങ്ങൾ എന്നിവ കാരണം വെനസ്വേലയുടെ എണ്ണ വ്യവസായം കഴിഞ്ഞ കുറേക്കാലമായി വലിയ തകർച്ച നേരിടുകയായിരുന്നു. ഇതിലൂടെ പിഡിവിഎസ്എയുടെ പ്രവർത്തന ശേഷിയും വലിയ തോതില്‍ കുറഞ്ഞു. എന്നാൽ എണ്ണ മേഖല യുഎസ് പിടിച്ചെടുക്കുകയും ഉപരോധങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെ, വെനസ്വേലൻ ക്രൂഡ് ഓയിൽ വീണ്ടും അന്താരാഷ്ട്ര വിപണിയിൽ സജീവമായി. നിലവിൽ ഇന്ത്യ വെനസ്വേലൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരില്‍ ഒരാളാണ്.
സാൻ ക്രിസ്റ്റോബൽ എണ്ണപ്പാടത്ത് നിലിവില്‍ ഒഎൻജിസിയുടെ വിദേശ വിഭാഗമായ ഒഎൻജിസി വിദേശ് വഴി നിലവിൽ 40% ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി ഓഹരികൾ പിഡിവിഎസ്എയുടെ കൈവശമാണ്. മറ്റൊരു പദ്ധതിയായ കാരബോബോ-1ല്‍ ഒഎൻജിസി വിദേശിന് 11% ഓഹരിയുണ്ട്. ഇവിടെ തന്നെ ഇന്ത്യൻ ഓയിൽ (IOC), ഓയിൽ ഇന്ത്യ (Oil India) എന്നിവർക്ക് 3.5% വീതവും, സ്പെയിൻ ആസ്ഥാനമായുള്ള റെപ്സോളിലിന് 11%വും ഓഹരിയുമുണ്ട്. ബാക്കി 71% ഓഹരി പിഡിവിഎസ്എയുടെ നിയന്ത്രണത്തിലാണ്.
പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ അനുസരിച്ച് ഒഎൻജിസി ലക്ഷ്യമിടുന്നത് സാൻ ക്രിസ്റ്റോബൽ പാടത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും കാരബോബോയുടെ പ്രവർത്തന നിയന്ത്രണം റെപ്സോളുമായി പങ്കിടാനുമാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ജനുവരിയിൽ കസ്റ്റഡിയിലെടുത്താണ് രാജ്യത്തെ എണ്ണ വ്യവസായത്തിന്റെ മേൽനോട്ടവും അമേരിക്ക പിടിച്ചെടുത്തത്. അതിനാൽ തന്നെ വിദേശ കമ്പനികൾക്ക് ഇവിടെ എണ്ണപ്പാടങ്ങൾ പ്രവർത്തിപ്പിക്കാനും ക്രൂഡ് ഓയിൽ വിൽപ്പന നടത്താനും യുഎസ് ട്രഷറി വകുപ്പിന്റെ അനുമതി ആവശ്യമാണ്.
അമേരിക്കയില്‍ നിന്നും ലൈസൻസ് ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഒഎൻജിസിയുടെ ഈ ഓഹരി കൈമാറ്റ ചർച്ചകളുടെ വിജയം. ഷെവ്റോൺ, ബിപി, ഷെൽ, റെപ്സോൾ തുടങ്ങിയ ആഗോള ഊർജ്ജ കമ്പനികൾക്ക് ഇതിനകം തന്നെ യുഎസ് ഇത്തരത്തിലുള്ള ലൈസൻസുകൾ നൽകിയിട്ടുണ്ട്. ഒഎൻജിസിയും ഈ ആവശ്യത്തിനായി യുഎസ് ട്രഷറി വകുപ്പുമായി ചർച്ചകൾ നടത്തിവരികയാണ്.
എണ്ണപ്പാടങ്ങളുടെ നിയന്ത്രണവും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ്ണ അധികാരാവകാശവും സ്വന്തമാക്കാൻ വലിയ നിക്ഷേപം നടത്താൻ ഒഎൻജിസി തയ്യാറാണെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രവർത്തനാധികാരം പൂർണ്ണമായി ലഭിച്ചാൽ ഈ എണ്ണപ്പാടങ്ങളിലെ ഉൽപ്പാദനം നിലവിലുള്ള പ്രതിദിന നിരക്കായ 12,000-15,000 ബാരലിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 30,000 ബാരലായും, തുടർന്നുള്ള വർഷങ്ങളിൽ 45,000-50,000 ബാരലായും ഉയർത്താൻ കഴിഞ്ഞേക്കും.
ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ കഴിഞ്ഞ കുറേ വർഷങ്ങളായി വെനസ്വേലയിൽ നിന്ന് ഇന്ത്യക്ക് ലാഭവിഹിതമായി (Dividend) ലഭിക്കാനുള്ള 500 മില്യൺ ഡോളറിലധികം വരുന്ന കുടിശ്ശിക തുക തിരിച്ചുപിടിക്കാനും ഒഎൻജിസിക്ക് സാധിക്കും. നേരത്തെ 2017-ൽ ഒൻപത് ശതമാനം അധിക ഓഹരികൾ ഒഎൻജിസിക്ക് വിൽക്കാൻ പിഡിവിഎസ്.എ മുന്നോട്ട് വന്നിരുന്നെങ്കിലും, കുടിശ്ശികയുള്ള ലാഭവിഹിതം ആദ്യം തിരിച്ചുപിടിക്കുന്നതിന് മുൻഗണന നൽകിയതിനാൽ അന്ന് ഇന്ത്യൻ കമ്പനി ആ ഓഫർ സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ യുഎസ് ലൈസൻസ് ലഭിക്കുന്ന മുറയ്ക്ക് ഈ എണ്ണപ്പാടങ്ങളിലെ പിഡിവിഎസ്എയുടെ ഓഹരികൾ സ്വന്തമാക്കി പ്രവർത്തനങ്ങളിൽ കൂടുതൽ അധികാരം ഉറപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.
Content Highlights: ONGC is reportedly planning to acquire two oil fields in Venezuela in a move to strengthen its overseas energy portfolio. As part of the transaction, the company is also expected to recover more than $500 million in outstanding dues, improving both its asset base and financial position while enhancing India's long-term energy security.