

തൃശൂര്‍: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. യുഡിഎഫ് ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കും എന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞതെന്ന് സുധീരന്‍ പറഞ്ഞു. നിയമസഭയില്‍ ഈ പ്രൊപ്പോസല്‍ വരുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിതലത്തിലും യുഡിഎഫ് തലത്തിലും ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു അഭികാമ്യമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തില്‍ കൃത്യമായി എത്ര ബാര്‍ ഉണ്ടെന്ന് ഇനിയും പുറത്തുവരേണ്ടതുണ്ട്. ചര്‍ച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമായിരുന്നു. മദ്യവ്യാപനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നേരത്തെ
യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ച വേണം', വി എം സുധീരന്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനില്‍ക്കുന്നുവെന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബില്‍ അവതരിപ്പിക്കുമ്പോള്‍ ഈ പ്രൊപ്പോസല്‍ ഒഴിവാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തീരുമാനം ഉണ്ടാകാന്‍ പാടില്ല. തീരുമാനങ്ങള്‍ സുതാര്യത നിലനിര്‍ത്തി നേരെ ചൊവ്വേ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് വിവാദങ്ങള്‍ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
മയക്കുമരുന്നിന്റെ കാര്യത്തില്‍ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് സുധീരന്‍ പ്രതികരിച്ചു. 'വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എല്‍ഡിഎഫിനെ വിമര്‍ശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് തന്നെ ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കണം. കരിമണല്‍ ഖനനയത്തിലും അവ്യക്തത നിലനില്‍ക്കുന്നു. ആലപ്പുഴ തീരദേശത്തെ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. ആലപ്പുഴ തീരത്ത് ഒരുതരത്തിലുള്ള ഖനനവും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേ മതിയാകൂ', വി എം സുധീരന്‍ പറഞ്ഞു.
ഖനനത്തിന്റെ ഗുണഭോക്താവ് കര്‍ത്തയാണ്. ആലപ്പുഴ തീരത്തെ ധാതുസമ്പത്ത് നോട്ടമിട്ട് അദാനിയെ പോലുള്ളവര്‍ രംഗത്ത് വരികയാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നടപടി അവസാനിപ്പിക്കണം. വിദഗ്ധ സമിതിയെ വെക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് തന്നെ കാണാന്‍ വന്നപ്പോള്‍ വി ഡി സതീശന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വി എം സുധീരന്‍ പറഞ്ഞു. നിരവധി സമ്മര്‍ദങ്ങളും സ്വാധീനങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയമം ബാധകമല്ലാത്ത രീതിയിലാണ് ഇപ്പോഴത്തെ പോക്കെന്നും അദ്ദേഹത്തിനും നിയമം ബാധകമാണെന്നും വി എം സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളി സമൂഹത്തിന് ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.
Content Highlights: Senior Congress leader VM Sudheeran has reacted to the decision to grant tax relief for low-cost alcoholic beverages