ബംഗളൂരുവിന്റെ തലവര മാറുമോ? ഡികെ ശിവകുമാറിന്റെ സ്വപ്ന പദ്ധതി: ചെലവ് 18,133 കോടി

ബിദാദി വഴി ബെംഗളൂരുവിന്റെയും തലവര മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്

ബംഗളൂരുവിന്റെ തലവര മാറുമോ? ഡികെ ശിവകുമാറിന്റെ സ്വപ്ന പദ്ധതി: ചെലവ് 18,133 കോടി
അജ്മല്‍ എം കെ
4 min read|17 Jun 2026, 08:05 pm
dot image

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വപ്ന പദ്ധതിയായ 'ബിദാദി എഐ സിറ്റി'യും അനുബന്ധ സംയോജിത ടൗൺഷിപ്പും യാഥാർത്ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിയുടെ മാസ്റ്റർ പ്ലാനും വിശദമായ പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കുന്നതിനായി കൺസൾട്ടന്റിനെ നിയമിക്കാൻ 26 കോടി രൂപയുടെ ടെൻഡർ ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി പുറപ്പെടുവിച്ചു. കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രീ-ബിഡ് മീറ്റിംഗിൽ ആഗോള സ്ഥാപനങ്ങൾ ഉൾപ്പെടെ 11 കമ്പനികൾ പങ്കെടുത്തതായാണ് വിവരം. ജൂൺ 24-ഓടെ ഈ ടെൻഡറുകൾ തുറന്നേക്കും.

എന്താണ് ബിദാദി ടൗൺഷിപ്പ് പ്രോജക്ട്?

റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്ട്രിയൽ, വിനോദ മേഖലകൾ സമന്വയിപ്പിക്കുന്ന "വർക്ക്-ലൈവ്-പ്ലേ" മോഡലിലാണ് ബിദാദി ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), അത്യാധുനിക സാങ്കേതികവിദ്യ, ഇന്നൊവേഷൻ അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയുടെ ഭാവി കേന്ദ്രമായിട്ടാണ് സർക്കാർ ഇതിനെ ഉയർത്തിക്കാട്ടുന്നത്. അടുത്ത 30 വർഷത്തെ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള മാസ്റ്റർ പ്ലാനായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടന്റ് അടുത്ത 12 മാസത്തിനുള്ളിൽ രൂപകൽപ്പന ചെയ്യുക.

7,481 ഏക്കർ സ്ഥലത്താണ് പ്രധാന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സാമ്പത്തിക ഇടനാഴികൾക്കും മറ്റ് വികസനങ്ങൾക്കുമായി 2,742 ഏക്കർ ഭൂമിയും കണ്ടെത്തിയിട്ടുണ്ട്. ബിദാദിയുടേയും ബെംഗളൂരുവിന്റെയും തലവര മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയുടെ ആകെ ചെലവായി 18,133 കോടി രൂപയാണ് കണക്കാക്കുന്നത്.

കടമെടുപ്പ് 70 ശതമാനം; ഹഡ്കോയുമായി കരാർ

പദ്ധതിക്ക് ആവശ്യമായ തുകയുടെ സിംഹഭാഗവും കടമെടുപ്പിലൂടെ കണ്ടെത്താനാണ് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം. ആകെ തുകയുടെ 70 ശതമാനത്തോളം വരുന്ന 12,511 കോടി രൂപ അതോറിറ്റി വായ്പയായി സ്വീകരിക്കും. ഇതിനായി 7,500 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കർണാടക സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (HUDCO) വഴി 1,109 കോടി രൂപ വായ്പ ലഭ്യമാക്കാനുള്ള നടപടികളും പൂർത്തിയായി.

കർഷക പ്രതിഷേധവും രാഷ്ട്രീയ വിവാദവും

വൻ വികസന പദ്ധതിയായി സർക്കാർ ഇതിനെ വിശേഷിപ്പിക്കുമ്പോൾ തന്നെ, രാമനഗര ജില്ലയിൽ ആയിരക്കണക്കിന് ഏക്കർ ഫലഭൂയിഷ്ഠമായ കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കർഷക സംഘടനകളിൽ നിന്നും പ്രതിപക്ഷ കക്ഷികളിൽ നിന്നും കടുത്ത എതിർപ്പാണ് പദ്ധതി നേരിടുന്നത്. രാമനഗര, ഹാരോഹള്ളി താലൂക്കുകളിലെ ഗ്രാമങ്ങളിലായി 500 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.

കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയും പദ്ധതിയുടെ സാമ്പത്തിക ഘടനയെയും വൻതോതിൽ കാർഷിക ഭൂമി ഏറ്റെടുക്കുന്നതിനെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്."അർബൻ വികസനത്തിന്റെ മറവിൽ കോൺഗ്രസ് സർക്കാർ നടത്തുന്നത് വലിയ തോതിലുള്ള റിയൽ എസ്റ്റേറ്റ് കച്ചവടമാണ്. 25-ലധികം ഗ്രാമങ്ങളിലെ കർഷകർ ഒരു വർഷത്തിലേറെയായി പ്രതിഷേധത്തിലാണ്, എന്നാൽ അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല." എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയുടെ പ്രതികരണം.

ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ സ്വാധീനമുറപ്പിക്കുന്നതിൽ ഈ ബിദാദി എഐ സിറ്റി പ്രോജക്ടിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെംഗളൂരു വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്ക് കൈമാറിയിട്ടും ബിഡിഎ , ബിഎംആർഡിഎ എന്നിവയുടെ നിയന്ത്രണം മുഖ്യമന്ത്രി ശിവകുമാർ നിലനിർത്തിയതിന് പിന്നിലെ പ്രധാന കാരണം ഈ പ്രോജക്ട് ആണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ, ശിവകുമാറിന്റെ സഹോദരനും മുൻ എംപിയുമായ ഡി.കെ. സുരേഷിനെ കഴിഞ്ഞ ജൂലൈയിൽ ജിബിഡിഎ അംഗമായി സർക്കാർ നിയമിച്ചതും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Content highlights: DK Shivakumar has unveiled an ambitious ₹18,133 crore infrastructure project designed to transform Bengaluru's urban landscape. The initiative aims to improve connectivity, ease congestion, and support the city's long-term growth, with the project emerging as one of the Karnataka government's most significant development plans.

dot image
To advertise here,contact us
dot image