പൊന്ന് ഒരു പൊടിക്ക് താണു; രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില

പൊന്ന് ഒരു പൊടിക്ക് താണു; രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്
അജ്മല്‍ എം കെ
3 min read|17 Jun 2026, 11:10 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. 22 കാരറ്റിന് പവന് 200 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ വിപണിയിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില്‍പ്പന വില 1,10,800 രൂപയിലേക്ക് എത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപ നിരക്കിലാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത് (ഇന്നലത്തെ വില: 13,875 രൂപ).

അടിസ്ഥാന വിലയിൽ കുറവുണ്ടായെങ്കിലും നികുതിയും പണിക്കൂലിയും ചേരുമ്പോൾ ആഭരണം വാങ്ങാൻ വലിയ തുക തന്നെ നൽകേണ്ടി വരും. കുറഞ്ഞത് 5 ശതമാനം ശരാശരി പണിക്കൂലിയും (5,540രൂപ) 3 ശതമാനം ജി എസ് ടിയും (3,723 രൂപ) ഉൾപ്പെടെ ഒരു പവൻ 22 കാരറ്റ് സ്വർണാഭരണം കൈകളിൽ കിട്ടണമെങ്കിൽ ഉപഭോക്താവ് ഇന്ന് ആകെ 1,29,000 രൂപയോളം നൽകേണ്ടി വരും. ഹാള്‍മാർക്കിങ് ചാർജും ഇതോടൊപ്പം ചേരും. അതേസമയം, ഉയർന്ന ശുദ്ധിയുള്ള 24 കാരറ്റ് തങ്കത്തിന് ഗ്രാമിന് 27 രൂപ കുറഞ്ഞ് 15,110 രൂപയായും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 21 രൂപ കുറഞ്ഞ് 11,332 രൂപയായും വില കുറഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇതിനൊപ്പം കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി നിലനിർത്തിയതും വില ഉയർന്ന നിരക്കിൽ തുടരാൻ കാരണമാകുന്നുണ്ട്. വിലയിലുണ്ടായ ഈ നേരിയ കുറവ് വരും ദിവസങ്ങളിൽ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ചെറിയ രീതിയിൽ ആശ്വാസം നൽകും. ആഗോള വിപണിയിലെ ചലനങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിലയിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടായേക്കാമെന്നാണ് ജ്വല്ലറി വ്യാപാരികൾ വിലയിരുത്തുന്നത്.

ആഗോള-ആഭ്യന്തര വിപണി സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ, സ്വർണവില ഭാവിയിലും ഉയർന്ന നിരക്കുകളിൽ തന്നെ തുടരാനും ദീർഘകാലാടിസ്ഥാനത്തിൽ വീണ്ടും വർധിക്കാനുമാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. വിലയെ സ്വാധീനിക്കുന്ന പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:

ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വം (Geopolitical Tensions): ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അസ്ഥിരതയും സ്വർണവില ഉയർത്തുന്ന പ്രധാന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപം (Safe Haven) എന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളിൽ വൻകിട നിക്ഷേപകരും ബാങ്കുകളും സ്വർണത്തിലേക്ക് തിരിയുന്നത് വില വർധിപ്പിക്കും

ഇറക്കുമതി തീരുവയും ഉയർന്ന നിർമ്മാണച്ചെലവും: ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) 15 ശതമാനമായി ഉയർന്നത് രാജ്യത്ത് സ്വർണത്തിന്റെ ലാൻഡഡ് കോസ്റ്റ് വലിയ തോതിൽ കൂട്ടിയിട്ടുണ്ട്. നികുതി ഘടനയിൽ വലിയ കുറവുകൾ വരാത്തപക്ഷം ആഭ്യന്തര വിപണിയിൽ വില എപ്പോഴും ഉയർന്ന നിലവാരത്തിൽ തന്നെ തുടരും

കേന്ദ്ര ബാങ്കുകളുടെ സ്വർണശേഖരണം: ഇന്ത്യയുടെ റിസർവ് ബാങ്ക് (RBI) ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിന്റെ ഭാഗമായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് എപ്പോഴും സജീവമായി നിലനിർത്തുന്നു.

നാണയപ്പെരുപ്പം (Inflation): ആഗോളതലത്തിൽ പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നത് പണത്തിന്റെ മൂല്യം കുറയ്ക്കുമ്പോൾ, അതിനെതിരെയുള്ള മികച്ച പ്രതിരോധമായി സ്വർണം മാറുന്നു. ഇത് സ്വാഭാവികമായും വില വർധനവിന് കാരണമാകും.

Content Highlights: The price of 22-carat gold in Kerala fell by ₹200 per pavan today, providing modest relief to buyers. The decline follows recent fluctuations in domestic and international gold markets, with price movements continuing to be influenced by global bullion rates, currency trends, and investor sentiment.

dot image
To advertise here,contact us
dot image