

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമെന്നാണ് ടിനി ടോമിന്റെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ടിനി ടോം മൊഴി നല്‍കി. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നീനാ കുറുപ്പുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് അന്‍സിബ പരാതി ഉന്നയിച്ചത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും നടന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ സമര്‍പ്പിക്കും.
കേസിൽ കടവന്ത്ര പൊലീസ് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും എടുത്തിരുന്നു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്വേത നൽകിയ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ജൂൺ ഒന്നിനാണ് അൻസിബ ടിനിക്കെതിരെ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തി.
ടിനി ടോം അന്‍സിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Police Record Statement of Actor Tiny Tom in Complaint Filed by Anisba Hassan