

ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 15ന് ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ബഹുനില കെട്ടിടങ്ങളുടെ പാർക്കിങ്ങുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിങ് കേന്ദ്രങ്ങളും തിങ്കളാഴ്ച സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. മെട്രോ, ബസ് സർവീസുകളിലും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ പ്രവർത്തനങ്ങളിലും അവധി പ്രമാണിച്ച് മാറ്റങ്ങളുണ്ടാകും.
ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ജൂണ്‍ 15ന് തിങ്കാഴ്ച്ച യുഎഇയിൽ പൊതു അവധിയാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം തിങ്കളാഴ്ച ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ 5 മണി മുതൽ അർദ്ധരാത്രി 12 മണി വരെ സർവീസ് നടത്തും. ദുബായ് ട്രാം പുലർച്ചെ 5 മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും. ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലുള്ള പാർക്കിങ് നിരക്കുകൾ പുനരാരംഭിക്കും.
അവധി പ്രമാണിച്ച് ബസ് സർവീസുകളിലും മാറ്റമുണ്ട്. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ100 ബസ് സർവീസ് ജൂൺ 13 ശനിയാഴ്ച മുതൽ ജൂൺ 15 തിങ്കളാഴ്ച വരെ അബുദാബിയിലേക്ക് സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ യാത്രക്കാർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള E101 ബസ് സർവീസ് ഉപയോഗപ്പെടുത്തണമെന്ന് ആർ.ടി.എ അറിയിച്ചു. പുതുക്കിയ സമയവിവരങ്ങൾ അറിയാൻ സഹൈൽ ആപ്പ് പരിശോധിക്കാം. മറൈൻ ട്രാൻസ്‌പോർട്ട് സമയക്രമത്തിലും മാറ്റങ്ങളുണ്ടാകും.
തിങ്കളാഴ്ച ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾക്കും വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും അവധിയായിരിക്കും. എന്നാൽ ഉമ്മു റമൂലിലെ കേന്ദ്രവും ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർടിഎ ഹെഡ്ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്‌കുകളും 24 മണിക്കൂറും പ്രവർത്തിക്കും.
Content Highlights: Dubai residents and visitors can enjoy free public parking on June 15 as the emirate marks the Hijri New Year. The Dubai RTA confirmed that parking fees will be waived for public parking zones, while multi-storey parking facilities will continue normal operations.