അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വർണവില പവന് 1 ലക്ഷത്തിന് താഴെ: പക്ഷെ ക്രൂഡ് ഓയില്‍ വില കുതിക്കും

നിലവിൽ കേരളത്തിൽ 22 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 14310 രൂപയിലും പവന് 114480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ സ്വർണവില പവന് 1 ലക്ഷത്തിന് താഴെ: പക്ഷെ ക്രൂഡ് ഓയില്‍ വില കുതിക്കും
അജ്മല്‍ എം കെ
4 min read|04 Jun 2026, 12:11 pm
dot image

കൊച്ചി: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ വർഷാവസാനത്തോടെ പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന ശക്തമായ സൂചനകളെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4500 ഡോളറിന് താഴേക്ക് പതിച്ചതോടെ, കനേഡിയൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ടി ഡി സെക്യൂരിറ്റീസ് 2026-ന്റെ രണ്ടാം പകുതിയിലെ തങ്ങളുടെ സ്വർണ്ണവില പ്രവചനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വലിയ തോതിൽ ഉയർന്നതും അത് പണപ്പെരുപ്പം വർദ്ധിപ്പിച്ചതുമാണ് പലിശനിരക്ക് കൂട്ടാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കുന്നത്. ഫെഡറൽ റിസർവ് ഈ വർഷം ഡിസംബറോടെ പലിശനിരക്ക് കൂട്ടാൻ 50 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ടി ഡി സെക്യൂരിറ്റീസ് തങ്ങളുടെ സ്വർണ്ണവില പ്രവചനം കുറച്ചത്. ഈ വർഷത്തെ മൂന്നാം പാദത്തിൽ (Q3) സ്വർണ്ണവില മുൻപ് വിചാരിച്ചതിനേക്കാൾ 3% കുറഞ്ഞ് ഔൺസിന് ശരാശരി 4550 ഡോളറായും, നാലാം പാദത്തിൽ മുൻപ് വിചാരിച്ചതിനേക്കാൾ 10% കുറഞ്ഞ് ശരാശരി 4700 ഡോളറായും കുറയാനാണ് സാധ്യതയെന്ന് അവർ പറയുന്നു.

പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദനം ഒക്ടോബർ-നവംബർ മാസങ്ങൾക്ക് മുൻപ് സാധാരണ നിലയിലാകാൻ സാധ്യതയില്ല. യുദ്ധം അവസാനിച്ചാൽ പോലും ആഗോള എണ്ണ വിതരണ ശൃംഖല പഴയപടിയാകാൻ സമയമെടുക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 104 ഡോളർ ആകുമെന്നാണ് ബാങ്ക് കരുതുന്നത്. എന്നാൽ പ്രതിസന്ധി രൂക്ഷമായാൽ ഇത് ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാം. എണ്ണവില ഇത്തരത്തിൽ 100 ഡോളറിന് മുകളിൽ തുടർന്നാൽ ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,000 ഡോളർ എന്ന താഴ്ന്ന നിരക്കിലേക്ക് വരെ ഇടിഞ്ഞേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലെ മാറ്റങ്ങള്‍

ആഗോള വിപണിയിലെ ഈ തിരുത്തലുകൾ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. നിലവിൽ കേരളത്തിൽ 22 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 14310 രൂപയിലും പവന് 114480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ പ്രവചിക്കുന്നത് പോലെ വലിയ തോതിലുള്ള ഇടിവുണ്ടായാൽ കേരളത്തിലെ സ്വർണ്ണവിലയിലും അതിന്റെ പ്രതിഫലനമുണ്ടാകും.

മൂന്നാം പാദത്തിലെ സാധ്യത

അന്താരാഷ്ട്ര വിലയിൽ 3% വരെയുള്ള ഇടിവ് പ്രവചിക്കുന്നതിനാൽ കേരളത്തിൽ 22 ക്യാരറ്റ് സ്വർണ്ണവില ഗ്രാമിന് 13800 മുതൽ 14000 വരെയുള്ള നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ട്. അതായത് പവൻ വില 110400 മുതൽ 112000 ലേക്ക് എത്തിയേക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ രാജ്യാന്തര വിപണിയിൽ എണ്ണവില പ്രതിസന്ധി രൂക്ഷമാകുകയും സ്വർണ്ണം 4000 ഡോളറിലേക്ക് വീഴുകയും ചെയ്താൽ, കേരളത്തിൽ പവൻ വില ലക്ഷം രൂപയ്ക്ക് താഴേക്ക് (ഏകദേശം 95,000 - 98000 നിരക്കിലേക്ക്) വരെ വലിയ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

ഹ്രസ്വകാലയളവിൽ സ്വർണ്ണവിലയിൽ ഇടിവ് പ്രവചിക്കുന്നുണ്ടെങ്കിലും, സ്വർണ്ണത്തിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ലെന്ന് ടി.ഡി സെക്യൂരിറ്റീസ് വിലയിരുത്തുന്നു. യുദ്ധപ്രതിസന്ധികൾ മാറി പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതോടെ 2027-ന്റെ രണ്ടാം പാദത്തിൽ സ്വർണ്ണവില ഔൺസിന് 5,350 ഡോളർ വരെയായി ശക്തമായി തിരിച്ചുവരുമെന്നാണ് അവരുടെ ദീർഘകാല പ്രവചനം.

ഇതോടൊപ്പം വെള്ളിയുടെ കാര്യത്തിൽ ബാങ്ക് തങ്ങളുടെ അനുകൂല നിലപാട് നിലനിർത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ നിന്നുള്ള ശക്തമായ ആവശ്യകതയും വിപണിയിലെ കുറഞ്ഞ വിതരണവും കാരണം വരും മാസങ്ങളിൽ വെള്ളിവില ഔൺസിന് 78.50 ഡോളർ മുതൽ 84.50 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ കേരളത്തിൽ വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 280 എന്ന നിരക്കിലാണ് തുടരുന്നത്. ആഗോളതലത്തിൽ സ്വർണ്ണവില താല്ക്കാലികമായി കുറയുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങാൻ മികച്ചൊരു അവസരമായി മാറിയേക്കാം.

Content Highlights: Market analysts say gold prices in Kerala could fall below ₹1 lakh per pavan if international prices weaken further or the rupee strengthens. However, the developments that support lower gold prices may also contribute to higher crude oil prices, potentially increasing fuel costs and creating fresh economic pressures.

dot image
To advertise here,contact us
dot image