

യുവാക്കളെ ഏറെ ആകർഷിക്കുന്ന തൊഴിൽ മേഖലയാണ് ടെക്ക് മേഖല. ടെക്‌നോളജി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ മേഖലയിലെ തൊഴിൽ സാധ്യത വർധിച്ചുകൊണ്ടേയിരിക്കുകയാണ്. എന്നാൽ കാലത്തിനനുസരിച്ച് ടെക്ക് മേഖലയും അപ്‌ഡേറ്റ് ആകുന്നുണ്ട്. പുതിയ സാധ്യതകൾ, മാറ്റങ്ങൾ എല്ലാം ടെക്ക് മേഖലയെയും ബാധിക്കുന്നുണ്ട്. അതിനാൽത്തന്നെ മേഖലയിലെ ജോലി സാധ്യതകളും കുറയുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
എക്സ്ഫെനോ എന്ന സ്ഥാപനം നടത്തിയ പഠനം പ്രകാരം രാജ്യത്തെ ടെക്‌നോളജി മാർക്കറ്റിൽ ജോലിസാധ്യതകൾ കുറയുകയാണ്. ജൂണിൽ വിവിധ ടെക്ക് കമ്പനികളിലായി 93000 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 28 മാസത്തിനിടയിലെ ഏറ്റവും കുറവ് കണക്കാണ് ഇത്. മാസാമാസം ഒഴിവുകളിൽ 14% കുറവ് വരുന്നതായും വർഷാവർഷം 17% കുറവ് വരുന്നതായുമാണ് റിപ്പോർട്ടുകൾ.
ടെക്ക് ലോകത്ത് ഇത്തരം ഒഴിവ് നികത്തുന്നതിലെ മെല്ലെപ്പോക്ക് സാധാരണമാണ്. എന്നാൽ ഇപ്പോൾ ഉള്ളത് കുറച്ച് മാസങ്ങളായി നിലനിൽക്കുന്നതാണ്. ഇത് വിദഗ്ധരെ അടക്കം ആശങ്കപ്പെടുത്തുന്നുണ്ട്. എഐയുടെ വരവ്, ആൾ എണ്ണത്തിനപ്പുറം ഫലം കണക്കാക്കിയുള പ്രവർത്തനരീതി എന്നിവയിലേക്കുള്ള കമ്പനികളുടെ മാറ്റങ്ങളാണ് ഇത്തരം കുറവിന് കാരണം എന്നാണ് പൊതു അഭിപ്രായം. വരുമാന വളർച്ചയെ ജീവനക്കാരുടെ എണ്ണത്തിൽ നിന്ന് വേർപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരുവരുന്നത്. ഈ രീതി ഇനിയും ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
വിലനിർണ്ണയത്തിൽ കമ്പനിയുടെ ക്ലയന്റുകൾ ശക്തമായി സമ്മർദ്ദം ചെലുത്തുന്ന അവസ്ഥ, സേവനങ്ങൾ കൂടുതൽ പ്ലാറ്റ്‌ഫോം അധിഷ്ഠിതമായി മാറുന്ന അവസ്ഥ എന്നിവയെല്ലാം മൂലമാണ് കമ്പനികൾ ഹയറിങ് കുറയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ. എഐയുടെ സ്വീകാര്യതയും ആളെ കുറയ്ക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഒരു തൊഴിലാളിയിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്ന വരുമാനം തുടങ്ങിയവയെല്ലാം കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്.
എല്ലാ മേഖലകളെയും ഈ മാന്ദ്യം ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ജൂൺ മാസത്തിൽ ഐടി സേവനങ്ങൾ, ആഗോള ശേഷി കേന്ദ്രങ്ങൾ (ടെക്), ഫണ്ടഡ് ടെക് സ്റ്റാർട്ടപ്പുകൾ, സോഫ്റ്റ്‌വെയർ ഉൽപ്പന്ന കമ്പനികൾ തുടങ്ങിയവയിലെല്ലാം അവസരങ്ങൾ കുറഞ്ഞു. ജിസിസിയിൽ മാത്രമാണ് തൊഴിൽ ആവശ്യകതയിൽ വർധനവ് ഉണ്ടായത്.
നിയമനരീതിയിൽ ഉള്ള മാറ്റങ്ങളും മറ്റും മാന്ദ്യത്തിന് കാരണമായി എന്നും വിലയിരുത്തലുണ്ട്. ആവർത്തിച്ചുള്ള ജോലികൾ എഐ ഏറ്റെടുക്കുന്നതോടെ ഐടി പിന്തുണ, പാരമ്പര്യ സാങ്കേതികവിദ്യകൾ, പതിവ് കോഡിംഗ് റോളുകൾ എന്നിവയ്ക്കുള്ള ആവശ്യം കുറഞ്ഞു. ഇതോടെ കമ്പനികൾ വലിയ തോതിലുള്ള നിയമനങ്ങളിൽ നിന്ന് മാറി ബിസിനസിന്റെ ഫലത്തിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: According to a report by Xpheno, job opportunities in India's technology sector are witnessing a significant slowdown. Only 93,000 vacancies were reported across tech companies in June, marking the lowest level recorded in the last 28 months.