ഇതെന്താ ഇങ്ങനെ? മെയ് മാസത്തില്‍ സ്വർണവില ആഗോള വിപണിയില്‍ കുറഞ്ഞു; പക്ഷെ ഇന്ത്യയില്‍ കൂടി

ഇറക്കുമതി തീരുവ വർദ്ധനവിന് പിന്നാലെയുണ്ടായ വലിയ കുതിപ്പിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില നിലവിൽ ശാന്തമാണ്

ഇതെന്താ ഇങ്ങനെ? മെയ് മാസത്തില്‍ സ്വർണവില ആഗോള വിപണിയില്‍ കുറഞ്ഞു; പക്ഷെ ഇന്ത്യയില്‍ കൂടി
അജ്മല്‍ എം കെ
3 min read|01 Jun 2026, 02:40 pm
dot image

കഴിഞ്ഞുപോയ മെയ് മാസം വിലയേറിയ ലോഹങ്ങളെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളുടെ കാലമായിരുന്നു. ആഗോള വിപണിയിൽ സ്വർണ്ണവിലയ്ക്ക് തിളക്കം കുറഞ്ഞപ്പോൾ, വെള്ളി വിപണി ശക്തമായി പിടിച്ച് നില്‍ക്കുന്നതാണ് കാണാന്‍ സാധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങലാണ് വിപണിയിലെ വിലവർധനവിന് തടയിടുന്നതിൽ പ്രധാന പങ്കുവഹിച്ചു. എന്നാൽ ആഗോളതലത്തിൽ ഇടിവുണ്ടായപ്പോഴും ഇന്ത്യയിലെ പ്രാദേശിക വിപണിയിൽ സ്വർണവും വെള്ളിയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു.

രാജ്യാന്തര വിപണിയിൽ കോമെക്സ് (Comex) സ്വർണ്ണവില മെയ് മാസത്തിൽ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. മാസാവസാനം നേരിയ തിരിച്ചുവരവ് നടത്തിയെങ്കിലും കോമെക്സ് ഗോൾഡ് 1.43 ശതമാനം ഇടിവോടെ 4569.9 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, കോമെക്സ് വെള്ളി 1.8 ശതമാനം നേട്ടത്തോടെ 75.58 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ആഗോള വിപണിയിലെ ഈ ഇടിവ് ഇന്ത്യൻ വിപണിയെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഇവിടെ സ്വർണ്ണവും വെള്ളിയും മികച്ച പ്രകടനമാണ് നടത്തിയത്.

Also Read:

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതുമാണ് ആഭ്യന്തര വിപണിയില്‍ വില വർധിപ്പിച്ചത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണ്ണത്തിന് മെയ് മാസത്തിൽ 4.3 ശതമാനം നേട്ടമുണ്ടാവുകയും വില 161049 രൂപയായി ഉയരുകയും ചെയ്തു. ആഭ്യന്തര വിപണിയിലെ വെള്ളി നിരക്കിലും വലിയ മുന്നേറ്റമാണുണ്ടായത്. കിലോഗ്രാമിന് 9.14 ശതമാനം നേട്ടത്തോടെ 267000 രൂപയിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. കേരള വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ ഏപ്രില്‍ 30 ന് 111520 രൂപ എന്ന നിരക്കിലായിരുന്ന പവന്‍ വില. എന്നാല്‍ മെയ് 31 ന് മാർക്കറ്റ് അവസാനിക്കുമ്പോള്‍ പവന്‍ വില 115160 രൂപയിലേക്ക് എത്തി.

വിപണി വിദഗ്ധരുടെ നിരീക്ഷണപ്രകാരം സ്വർണ്ണവില നിലവിൽ ഒരു ഏകീകരണ (Consolidation) ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ കോമെക്സ് വിപണിയിൽ സ്വർണ്ണം 4,400 മുതൽ 5,650 ഡോളർ പരിധിയിലാണ് തുടരുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ ട്രെൻഡ് അനുകൂലമായതിനാൽ, വരും ദിവസങ്ങളിൽ വില 4650 മുതൽ 4720 ഡോളർ പരിധി വരെയും തുടർന്ന് 4790 മുതൽ 4830 ഡോളർ വരെയും ഉയരാൻ സാധ്യതയുണ്ട്.

Also Read:

എന്നാൽ വില 4,300 ഡോളറിന് താഴേക്ക് പോയാൽ ഈ അനുകൂല സാഹചര്യം മാറിയേക്കാം. കോമെക്സ് സിൽവർ കഴിഞ്ഞ കുറച്ചു ആഴ്ചകളായി വെള്ളി 71 മുതൽ 90 ഡോളർ നിരക്കിൽ ഒതുങ്ങിനിൽക്കുകയാണ്. വില 92 ഡോളറിന് മുകളിലേക്ക് ഉയർന്നാൽ മാത്രമേ വെള്ളിയിൽ ഇനി ഒരു ശക്തമായ കുതിപ്പ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഇറക്കുമതി തീരുവ വർദ്ധനവിന് പിന്നാലെയുണ്ടായ വലിയ കുതിപ്പിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില നിലവിൽ ശാന്തമാണ്. നിലവിൽ എംസിഎക്സ് വിപണി 145000 മുതൽ 175000 രൂപ എന്ന പരിധിക്കുള്ളിലാണ്. ഇതിൽ നിന്നൊരു ബ്രേക്ക്ഔട്ട് ഉണ്ടായാൽ മാത്രമേ അടുത്ത വലിയ വില വ്യതിയാനം പ്രകടമാകൂ. തീരുവ വർദ്ധനവിന് ശേഷം കുതിച്ചുയർന്ന വെള്ളി വില കഴിഞ്ഞ ആഴ്ചകളിൽ ഒരല്പം കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ വില 280000 മുതൽ 280500 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെങ്കിലും, 310000 രൂപയ്ക്ക് മുകളിലേക്ക് കടന്നാൽ മാത്രമേ വിപണിയിൽ വലിയൊരു മുന്നേറ്റം ദൃശ്യമാകൂ എന്നും വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Gold prices weakened in global markets during May, but rates in India continued to rise. The divergence was driven by factors such as rupee depreciation against the dollar, import-related costs, taxes, and domestic demand. These factors offset the impact of lower international gold prices and kept Indian gold rates elevated.

dot image
To advertise here,contact us
dot image