39.2 ടൺ സ്വർണ നിക്ഷേപം; 35 വർഷം ഖനനം ചെയ്യാം: സിംഗ്രൗലി ജില്ലയിൽ പ്രതീക്ഷ പുലർത്തി കേന്ദ്ര സർക്കാർ

അടുത്ത 35 വർഷത്തേക്ക് ഇവിടെ നിന്നും തുടർച്ചയായി സ്വർണം ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

39.2 ടൺ സ്വർണ നിക്ഷേപം; 35 വർഷം ഖനനം ചെയ്യാം: സിംഗ്രൗലി ജില്ലയിൽ പ്രതീക്ഷ പുലർത്തി കേന്ദ്ര സർക്കാർ
അജ്മല്‍ എം കെ
3 min read|26 May 2026, 05:37 pm
dot image

ഭോപ്പാൽ: രാജ്യത്തെ സ്വർണ്ണ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിൽ വൻതോതിലുള്ള സ്വർണ്ണഖനനത്തിനായി 150 ഹെക്ടറോളം വനഭൂമി വിട്ടുനൽകാൻ കേന്ദ്ര പരിസ്ഥിതി, വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്തിമ അനുമതി നൽകി. സ്വകാര്യ കമ്പനിയായ കുന്ദൻ ഗോൾഡ് മൈൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇവിടെ ഖനനം നടത്താനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ ഖനി നിക്ഷേപ മേഖലയായ 'മഹാകോശൽ മിനറൽ ബെൽറ്റിന്റെ ഭാഗമാണ് ഈ പ്രദേശം. സ്വർണ്ണത്തിന് പുറമെ സൾഫൈഡുകൾ, നിക്കൽ, പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങൾ എന്നിവയുടെ വൻ നിക്ഷേപമുള്ള മേഖലയാണിത്. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള എൻവയോൺമെന്റൽ അപ്രൈസൽ കമ്മിറ്റി (EAC) പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് വനഭൂമി വിട്ടുനൽകാൻ ശുപാർശ ചെയ്തത്.

സിംഗ്രൗലി ജില്ലയിലെ ചിത്രാംഗി മേഖലയിലെ 'ഗുർഹാർ പഹാർ ഗോൾഡ് ബ്ലോക്കിലെ' 149.30 ഹെക്ടർ വനഭൂമിയിലാണ് ഖനനം നടക്കുക. പ്രതിവർഷം പരമാവധി 1.12 മെട്രിക് ടൺ അയിര് ഇവിടെ നിന്നും ഖനനം ചെയ്തെടുക്കും. ഇതിൽ നിന്നും പ്രതിവർഷം 130 കിലോ ശുദ്ധീകരിക്കാത്ത അസംസ്‌കൃത സ്വർണം നേരിട്ട് വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ബാക്കി വരുന്ന 990 കിലോ അവശിഷ്ടങ്ങളായി മാറും.

പ്രാഥമിക പഠനങ്ങൾ അനുസരിച്ച് ഈ പ്രദേശത്ത് ഏകദേശം 39.2 ടൺ സ്വർണ്ണ നിക്ഷേപമുണ്ട്. അടുത്ത 35 വർഷത്തേക്ക് ഇവിടെ നിന്നും തുടർച്ചയായി സ്വർണം ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതിക്കായി കമ്പനി ആദ്യം 2024 ഓഗസ്റ്റിലാണ് ഖനന അപേക്ഷ സമർപ്പിച്ചത്. അന്ന് 143.80 ഹെക്ടർ വനഭൂമിയും 5.50 ഹെക്ടർ സർക്കാർ വരിശുഭൂമിയും ഉൾപ്പെടുന്നതാണ് ഖനന മേഖലയെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് നടത്തിയ കൃത്യമായ പരിശോധനകളിൽ ഈ പ്രദേശം മുഴുവനായും വനഭൂമിയുടെ പരിധിയിൽ വരുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് മുഴുവൻ സ്ഥലവും വനഭൂമിയാണെന്ന് സ്ഥിരീകരിച്ച് 2025 ഓഗസ്റ്റിൽ കമ്പനി വീണ്ടും പുതുക്കിയ അപേക്ഷ സമർപ്പിച്ചു. പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സ്വർണ്ണ ലഭ്യതയ്ക്കും അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ സമിതി ഇപ്പോൾ ഖനനത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. 3,037.94 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ഖനന മേഖലയിൽ ഒരു ടൺ അയിരിൽ ശരാശരി 1.03 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് ജിയോളജിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Content Highlights: The Central government has expressed optimism over gold deposits estimated at 39.2 tonnes in Singrauli district. Officials say the reserves could support mining operations for up to 35 years, potentially boosting domestic gold production and reducing dependence on imports.

dot image
To advertise here,contact us
dot image