ആ കച്ചവടം ഇനി യുഎഇയിൽ വേണ്ട; നിയമം കടുപ്പിച്ച് ഗൾഫ് രാജ്യം; നിയമം ലംഘിച്ചാൽ ജയിലും പിഴയും

നിയമത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും മന്ത്രി പറഞ്ഞു

ആ കച്ചവടം ഇനി യുഎഇയിൽ വേണ്ട; നിയമം കടുപ്പിച്ച് ഗൾഫ് രാജ്യം; നിയമം ലംഘിച്ചാൽ ജയിലും പിഴയും
dot image

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ നിയമവിരുദ്ധമായി വ്യാപാരം ചെയ്യുന്നവക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 15 വർഷം വരെ തടവും 2 മില്യൺ ദിർഹം വരെ പിഴയും ചുമത്തുമെന്ന് കാലാവസ്ഥാവ്യതിയാന - പരിസ്ഥിതി മന്ത്രി ഡോ അംന ബിൻത് അബ്ദുള്ള അൽ ദഹക് വ്യക്തമാക്കി. നിയമത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവികളുടെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും നിയമവിരുദ്ധ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ യുഎഇ സ്വാഗതം ചെയ്യുന്നില്ല എന്നാണ് മന്ത്രി പറഞ്ഞത്. അറേബ്യൻ ഒറിക്‌സിന്റെ പ്രജനനത്തിലും പുനരവതരിപ്പിക്കലിലും, എമിറേറ്റിലെ ജലാശയങ്ങളിൽ ഡുഗോങുകൾക്ക് അഭയം നൽകിയതിലും, ഫാൽക്കണുകൾക്കും മറ്റ് ഇരപിടിയൻ പക്ഷികൾക്കും വേണ്ടി അന്താരാഷ്ട്ര നടപടികൾക്ക് നേതൃത്വം നൽകിയതിലും രാജ്യത്തിന്റെ പങ്ക് പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.

ഇതിന് പുറമെ ഇന്തോനേഷ്യയുമായി സഹകരിച്ച് കണ്ടൽകാടുകളുടെ സംരക്ഷണത്തിനും മറ്റും യുഎഇ മുൻകൈ എടക്കുന്നുണ്ട്. മാൻഗ്രൂവ് അലയൻസ് ഫോർ ക്ലൈമറ്റ് എന്ന പദ്ധതി കണ്ടൽക്കാടുകൾ വർധിപ്പിക്കാനുള്ള നടപടികൾക്കാണ് മുൻകൈ എടുക്കുന്നത്.

പദ്ധതിയുടെ ഭാഗമായി 2030 ആകുമ്പോഴേക്കും 100 മില്യൺ കണ്ടൽകാടുകളാണ് യുഎഇ വെച്ചുപിടിപ്പിക്കുക. പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളുടെ ഒരു ഭാഗമാണ് ഇത്. യുഎഇയുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അതിർത്തികൾക്കപ്പുറവും ഫലം കണ്ടതാണെന്നും ഡോ. അൽ ദഹക് പറഞ്ഞു.

യുഎഇയുടെ പരിസ്ഥിതി നയതന്ത്രത്തിൽ ജൈവവൈവിധ്യം ഉൾപ്പെടുത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി, ഫാൽക്കണുകളുടെയും മറ്റ് ഇരപിടിയൻ പക്ഷികളുടെയും വ്യാപാരം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ കടത്തിൽ നിന്ന് അതിനെ സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളും മന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യം ഉറച്ചുനിൽക്കുകയാണെന്നും അതിനുള്ള എല്ലാ ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: The UAE has announced strict punishment against illegal trade involving endangered species. Climate Change and Environment Minister Dr. Amna bint Abdullah Al Dahak stated that offenders could face up to 15 years in prison and fines reaching 2 million dirhams

dot image
To advertise here,contact us
dot image