രാവിലെ പവന് കൂടിയത് 10200 രൂപ: ഉച്ചയോടെ ഇടിവ്; എങ്കിലും സ്വർണവിലയില്‍ ആശ്വസിക്കാന്‍ ഒന്നുമില്ല

ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം

രാവിലെ പവന് കൂടിയത് 10200 രൂപ: ഉച്ചയോടെ ഇടിവ്; എങ്കിലും സ്വർണവിലയില്‍ ആശ്വസിക്കാന്‍ ഒന്നുമില്ല
അജ്മല്‍ എം കെ
3 min read|13 May 2026, 02:01 pm
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. രാവിലെ പവന് 10,200 രൂപ വർധിച്ച് വന്‍കുതിപ്പ് നടത്തിയ സ്വർണവില, ഉച്ചയോടെ നേരിയ തോതിൽ കുറഞ്ഞു. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 1,23,120 രൂപയായും ഗ്രാമിന് 15,390 രൂപയായുമാണ് ഉയർന്നത്. എന്നാൽഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരo, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകൾ എല്ലാം ചേർത്ത് നിരക്ക് പുതുക്കിയപ്പോള്‍ പുതുക്കിയ കണക്കുകൾ പ്രകാരം22 കാരറ്റ് സ്വർണവില ഗ്രാമിന് 500 രൂപ കുറഞ്ഞ് 14890 രൂപയായി. ഇതോടെ പവൻ വില 1,19,120 രൂപയിലേക്ക് താഴ്ന്നു.

ഇന്നലെ അർധരാത്രിയോടെ കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും പ്ലാറ്റിനത്തിനും ഈ തീരുവ ബാധകമാണ്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചതിന് പിന്നാലെയാണ് ഈ നടപടി ഉണ്ടായത്.

ഉച്ചയ്ക്ക് ശേഷമുള്ള പുതുക്കിയ നിരക്കുകൾ

  • 22 കാരറ്റ്: ഗ്രാമിന് 14,890 (500 രൂപ കുറഞ്ഞു), പവന് 119120.
  • 18 കാരറ്റ്: ഗ്രാമിന് 12,235 (405 രൂപ കുറഞ്ഞു), പവന് 97880.
  • 14 കാരറ്റ്: ഗ്രാമിന് 9525 (320 രൂപ കുറഞ്ഞു), പവന് 76200
  • 9 കാരറ്റ്: ഗ്രാമിന് 6,140 (205 രൂപ കുറഞ്ഞു), പവന് 49120

കേന്ദ്ര സർക്കാറിന്‍റെ ഇടപെടലോടെ 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് വിപണി വീണ്ടും എത്തുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിലുണ്ട്. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ ഇത്തരം ചാഞ്ചാട്ടങ്ങൾ സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന് പുറമെ വെള്ളി ഗ്രാമിന് 320 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഒറ്റയടിക്ക് ഇത്രയും വലിയൊരു വർധനവ് സമീപകാലത്ത് ആദ്യമായാണ് സംഭവിക്കുന്നത്.

ഹുക്കുകൾ, ക്ളാസ്‌പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ എന്നിവയ്‌ക്കെല്ലാമാണ് തീരുവ ഉയർന്നിട്ടുള്ളത്. റീസൈക്ലിങിനായി കൊണ്ടുവരുന്ന ലോഹ അവശിഷ്ടങ്ങൾക്കും വർധിപ്പിച്ച തീരുവ ബാധകമാണ്. ഇതോടെ ജ്വല്ലറി നിർമാതാക്കളുടെയും. ഇന്ന് തൊട്ട് ഉയർന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ പ്ലാറ്റിനം, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക ഇറക്കുമതികൾ എന്നിവയ്ക്ക് ഉയർന്ന ലെവി ബാധകമാണ്.

ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വർധിപ്പിച്ച് ഉത്തരവ് വന്നത്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന അനിശ്ചിതാവസ്ഥകളും രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരവും കണക്കിലെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Content Highlights: Gold prices surged sharply in the morning, with the per pavan rate rising by ₹10,200, before easing slightly by noon. Despite the decline, prices remain elevated compared to previous levels. The movement reflects high volatility in the gold market and offers little relief to jewellery buyers.

dot image
To advertise here,contact us
dot image