സ്വർണവില കേട്ട് ബോധം പോകരുത്: ഇന്ന് മാത്രം പവന് വർധിച്ചത് 10000 രൂപയിലേറെ; കാരണം കേന്ദ്രസർക്കാർ

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നു

സ്വർണവില കേട്ട് ബോധം പോകരുത്: ഇന്ന് മാത്രം പവന് വർധിച്ചത് 10000 രൂപയിലേറെ; കാരണം കേന്ദ്രസർക്കാർ
അജ്മല്‍ എം കെ
3 min read|13 May 2026, 10:19 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധനവ്. ഇന്ന് മാത്രം പവന് 10,200 രൂപയുടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നു. ഗ്രാമിന് 1,275 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,390 രൂപയായി.

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) വർധിപ്പിച്ചതാണ് വിപണിയിൽ ഇത്രയും വലിയ പ്രതിഫലനമുണ്ടാക്കാൻ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഒറ്റയടിക്ക് ഇത്രയും വലിയൊരു വർധനവ് സമീപകാലത്ത് ആദ്യമായാണ് സംഭവിക്കുന്നത്.

ആഭ്യന്തര വിപണിയിൽ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ ഇറക്കുമതി തീരുവ ഉയർത്തിയത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം ഉപഭോക്താക്കളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,640 രൂപയും (1,040 രൂപ വർധന) 14 കാരറ്റിന് 9,845 രൂപയുമാണ് (815 രൂപ വർധന) ഇന്നത്തെ നിരക്ക്. സ്വർണത്തിന് പുറമെ വെള്ളിവിലയിലും മാറ്റങ്ങൾ പ്രകടമാണ്; ഗ്രാമിന് 320 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക്. വിവാഹ സീസൺ തുടരുന്ന സാഹചര്യത്തിൽ ഒറ്റയടിക്ക് ഉണ്ടായ ഈ വിലവർധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇന്നലെ അർധരാത്രിയോടെയാണ് കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് വർധനവ്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് ചുമത്തിയത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും തീരുവ ബാധകമായിരിക്കും.

ഹുക്കുകൾ, ക്ളാസ്‌പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ എന്നിവയ്‌ക്കെല്ലാമാണ് തീരുവ ഉയർന്നിട്ടുള്ളത്. റീസൈക്ലിങിനായി കൊണ്ടുവരുന്ന ലോഹ അവശിഷ്ടങ്ങൾക്കും വർധിപ്പിച്ച തീരുവ ബാധകമാണ്. ഇതോടെ ജ്വല്ലറി നിർമാതാക്കളുടെയും. ഇന്ന് തൊട്ട് ഉയർന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ പ്ലാറ്റിനം, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക ഇറക്കുമതികൾ എന്നിവയ്ക്ക് ഉയർന്ന ലെവി ബാധകമാണ്.

ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വർധിപ്പിച്ച് ഉത്തരവ് വന്നത്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന അനിശ്ചിതാവസ്ഥകളും രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരവും കണക്കിലെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

Content Highlights: gold rate jumps after import duty revision one pavan reaches one lakh twenty three thousand one hundred twenty rupees

dot image
To advertise here,contact us
dot image