

2025ല്‍ സൗരോര്‍ജ ശേഷിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. മുന്‍ വര്‍ഷം 44 ഗിഗാവാട്ട് സൗരോര്‍ജ ശേഷി കൂടി രാജ്യത്ത് സ്ഥാപിച്ചു. രാജ്യത്തെ ആകെ ഇന്‍സ്റ്റാള്‍ ചെയ്ത സോളാര്‍ ശേഷി 150 ഗിഗാവാട്ടായി ഉയര്‍ന്നതായി പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. താനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ നാറ്റ് കണക്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
പിഎം സൂര്യ ഘര്‍, പിഎം കുസും, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റിവ് സ്‌കീം തുടങ്ങിയ പദ്ധതികളാണ് സോളാര്‍ മേഖലയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. 2025ല്‍ മാത്രം 44 ഗിഗാവാട്ട് ശേഷി കൂട്ടിച്ചേര്‍ത്തതോടെ സോളാര്‍ വികസനത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ മുന്‍നിര രാജ്യങ്ങളിലൊന്നായി മാറിയതായി നാറ്റ്കണക്ട് ഡയറക്ടര്‍ ബിഎന്‍ കുമാര്‍ പറഞ്ഞു. അമേരിക്കയുടെ വാര്‍ഷിക സോളാര്‍ വര്‍ധനവിനെ മറികടന്ന ഇന്ത്യ, യൂറോപ്യന്‍ യൂണിയനും ചൈനക്കും തൊട്ടു പിന്നിലെത്തി.
2014ന് മുമ്പ് ഇന്ത്യയുടെ ആകെ സോളാര്‍ ശേഷി വെറും 2.5 ഗിഗാവാട്ട് മാത്രമായിരുന്നു. അതില്‍ നിന്നുള്ള ഈ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
അതേസമയം, ശുചിത്വ ഭാരത് മാതൃകയില്‍ ''മാസ് സോളാര്‍ മിഷന്‍'' ആരംഭിക്കണമെന്ന് നാറ്റ്കണക്ട് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജനപങ്കാളിത്തത്തോടെ സൗരോര്‍ജ്ജ ഉപയോഗം വ്യാപിപ്പിക്കുന്നത് ഇന്ത്യയുടെ 85 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ആശ്രയം കുറയ്ക്കാനും ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
Content Highlights: India achieved a record milestone in 2025 by adding 44 GW of new solar power capacity, raising the country’s total installed solar capacity to 150 GW