നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍

'പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ് '

നീറ്റ് പരീക്ഷ വിവാദത്തില്‍ ആക്കുന്നത് പ്രതിഷേധാര്‍ഹം, സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം; പിണറായി വിജയന്‍
dot image

തിരുവനന്തപുരം: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് പിണറായി വിജയന്‍ . വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്.

ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.

ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്.

വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: Turning the NEET exam into a controversy is condemnable; said Pinarayi Vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us