ജെറോം പവലിന്റെ അവസാന ഫെഡ് പോളിസി പ്രഖ്യാപനം ഇന്ന്, നിരക്കുയർത്തുമോ? നിക്ഷേപക ശ്രദ്ധ ഡോളറിലേയ്ക്കും

ഇന്ത്യൻ ഓഹരി വിപണി വീണ്ടും സമ്മർദ്ദത്തിൽ; ക്രൂഡ് ഓയിലും കമ്പനിഫലങ്ങളും ആശങ്കയേറ്റുന്നു. ഇനി ദിശാ സൂചകമായി വരാനിരിക്കുന്നത് ബജാജ് ഫിനാൻസിന്റെയും ഹിന്ദുസ്ഥാൻ യൂണിലീവറിന്റെയും ഫലങ്ങളാണ്. ഇവ ഉപഭോക്തൃ ചെലവും വായ്പാ വളർച്ചയും സംബന്ധിച്ച പ്രധാന സൂചനകൾ നൽകുമെന്നതിനാലാണ് ശ്ര​ദ്ധയാകർഷിക്കുന്നത്

ജെറോം പവലിന്റെ അവസാന ഫെഡ് പോളിസി പ്രഖ്യാപനം ഇന്ന്, നിരക്കുയർത്തുമോ? നിക്ഷേപക ശ്രദ്ധ ഡോളറിലേയ്ക്കും
പി ജി സുജ
1 min read|29 Apr 2026, 08:18 am
dot image

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പടിയിറങ്ങുന്നതിനു മുമ്പുള്ള അവസാനത്തെ ഫെഡ് യോ​ഗത്തിന്റെ തീരുമാനങ്ങൾ ഇന്നറിയാം. നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഡോളറിനെ താങ്ങി നിർത്തുന്നതിനുള്ള തീരുമാനങ്ങൾ ഇന്ന് മറ്റ് വിപണികൾക്ക് നിർണായകമാകും. ട്രംപിന് പ്രിയപ്പെട്ട കെവിൻ വാർഷാണ് അടുത്ത മാസം ഫെഡ് ചെയർമാൻ ആകുക. അമേരിക്കൻ എഐ കമ്പനികൾ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ ഇന്നു രാത്രി യുഎസിലെ വലിയ ടെക് കമ്പനികളുടെ റിസൽട്ടുകൾ പ്രസിദ്ധീകരിക്കുന്നതും വിപണിയിൽ നിർണായകമാകും.

crude oil

സമ്മർദ്ദം വീണ്ടും

ആ​ഗോള അനിശ്ചിതത്വം വിടാതെ പിടികൂടിയിരിക്കുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സമ്മർദ്ദം വീണ്ടും വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ സെൻസെക്സ് 0.54% ഇടിവോടെ 76,886.91 പോയിന്റിൽ അവസാനിച്ചപ്പോൾ, നിഫ്റ്റി 0.40% കുറഞ്ഞു 23,995.7 പോയിന്റിലാണ് അവസാനിച്ചത് . ഉയർന്ന ക്രൂഡ് ഓയിൽ വിലയും ആഗോള അനിശ്ചിതത്വവുമാണ് വിപണിയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ.

പണപ്പെരുപ്പ ആശങ്കകൾ
ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളറിന് മുകളിലെത്തിയത് ഇന്ത്യയുടെ പണപ്പെരുപ്പ ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം രൂപയുടെ മൂല്യം ഡോളറിനെതിരെ 94 കടന്നതും വിപണിയിൽ സമ്മർദ്ദമേറ്റുന്നു. ഇന്ധന വില ഉയരുന്നത് ഇറക്കുമതി ആശ്രയിക്കുന്ന മേഖലകളെ കൂടുതൽ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇതിനിടെ, എനർജി, മെറ്റൽ മേഖലകൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഉയർന്ന ക്രൂഡ് വിലയിൽ നിന്ന് ഈ മേഖലകൾക്ക് നേട്ടമുണ്ടാകുന്നതിനാൽ നിക്ഷേപകർ ഈ മേഖലകളിലേക്ക് മാറുന്ന പ്രവണതയുമുണ്ട്.

കമ്പനി ഫലങ്ങൾ
കോർപ്പറേറ്റ് ഫലങ്ങളിൽ സമ്മിശ്ര പ്രകടനമാണ് കണ്ടത്. മാരുതി സുസുക്കിയുടെ നാലാം പാദ ലാഭം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു, നിർമാണ ചെലവ് കൂടിയതും വാഹനം വാങ്ങാനുള്ള ആവശ്യം കുറഞ്ഞതുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതേ സമയം അൾട്രാടെക് സിമന്റ് വിപണി പ്രതീക്ഷകളെ മറികടന്ന് മികച്ച ഫലം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്, ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ശക്തിയാണിത് സൂചിപ്പിക്കുന്നത്. ബ്ലിങ്കിറ്റിന്റെ വളർച്ചയെ തുടർന്ന് മാതൃകമ്പനിയായ ‘ഇറ്റേണൽ’ വരുമാനത്തിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ദിശാ സൂചകമായി വരാനിരിക്കുന്നത് ബജാജ് ഫിനാൻസിന്റെയും ഹിന്ദുസ്ഥാൻ യൂണിലീവറിന്റെയും ഫലങ്ങളാണ്. ഇവ ഉപഭോക്തൃ ചെലവും വായ്പാ വളർച്ചയും സംബന്ധിച്ച പ്രധാന സൂചനകൾ നൽകുമെന്നതിനാലാണ് വിപണി ശ്ര​ദ്ധയാകർഷിക്കുന്നത്.

വിശാലതലത്തിൽ കണക്കാക്കുന്ന മാക്രോ സാമ്പത്തിക സൂചികകളും ചില സമ്മിശ്ര സൂചനകളാണ് നൽകുന്നത്. മാർച്ചിൽ വ്യവസായ ഉൽപ്പാദനം 4.1% വളർച്ച രേഖപ്പെടുത്തിയെങ്കിലും മുൻ മാസത്തെ അപേക്ഷിച്ച് കുറവാണ്. അതേ സമയം ബാങ്കിംഗ് മേഖലയിലെ വായ്പയും നിക്ഷേപ വളർച്ചയും സ്ഥിരത പുലർത്തുന്നു.

മിക്ക മേഖലകളും സമ്മർദ്ദത്തിലായിരിക്കുമ്പോഴും ഉയർന്ന എണ്ണവിലയും ആഗോള സാഹചര്യങ്ങളുമാണ് വരും ദിവസങ്ങളിലും വിപണിയുടെ ദിശ നിർണ്ണയിക്കുക. നിക്ഷേപകർ സൂക്ഷ്മ സമീപനം തുടരുന്നതാണ് നല്ലതെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു.

Content Highlight: Final Federal Reserve meeting under Chair Jerome Powell; policy decision awaited. Global investors watching for cues on interest rates, liquidity, and tech sector outlook.

dot image
To advertise here,contact us
dot image