പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തി യുദ്ധവും സൂപ്പര്‍ എല്‍-നിനോയും; ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റിയേക്കില്ല

കഴിഞ്ഞ ഡിസംബറില്‍ റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായി കുറച്ചിരുന്നു

പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തി യുദ്ധവും സൂപ്പര്‍ എല്‍-നിനോയും; ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റിയേക്കില്ല
dot image

പുതിയ സാമ്പത്തികവര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയയോഗം തിങ്കളാഴ്ച തുടങ്ങി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ അനിശ്ചിതത്വം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇത്തവണത്തെ യോഗം. യോഗതീരുമാനങ്ങള്‍ ബുധനാഴ്ച രാവിലെ പത്തിന് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കും. രാജ്യാന്തര തലത്തില്‍ എണ്ണവില വീപ്പയ്ക്ക് 100 ഡോളറിനു മുകളില്‍ തുടരുന്നത് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ത്തുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.

reserve bank of india

ഇന്ത്യയുടെ വളര്‍ച്ചയെയും ഇപ്പോഴത്തെ അനിശ്ചിതത്വങ്ങള്‍ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ സാമ്പത്തികവളര്‍ച്ച, പണപ്പെരുപ്പ അനുമാനങ്ങളില്‍ മാറ്റം വരുത്തുമോ എന്നത് രാജ്യം ഉറ്റുനോ ക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇനിയും പലിശനിരക്കു കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്നും കണക്കാക്കുന്നു. പണപ്പെരുപ്പം പരിധി വിട്ടുയര്‍ന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഇറാന്‍ യുദ്ധം, കാലാവസ്ഥയെ ബാധിക്കാവുന്ന സൂപ്പര്‍ എല്‍-നിനോ പ്രതിഭാസം എന്നിവ മൂലമുണ്ടാകുന്ന പണപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയേക്കും. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കാന്‍ ആര്‍ബിഐ ഉപയോഗിക്കുന്ന പ്രധാന ആയുധമാണിത്. റിപ്പോ നിരക്ക് ഉയര്‍ത്തിയാല്‍ വായ്പകളുടെ പലിശ കൂടും (ഭവന വായ്പ ഉള്‍പ്പടെ വിവിധ വായ്പകള്‍ക്ക് കൂടുതല്‍ ഇഎംഐ നല്‍കേണ്ടി വരും). ഇത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കും. നിരക്ക് കുറച്ചാല്‍ വായ്പകള്‍ ചെലവ് കുറഞ്ഞതാകുകയും സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗത ലഭിക്കുകയും ചെയ്യും.

ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും കരുതുന്നത് ഇത്തവണ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തില്ല എന്നാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ആദ്യത്തെ ഘടകം. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. എണ്ണവില കൂടിയാല്‍ ഗതാഗത ചെലവ് വര്‍ധിക്കുകയും ഇത് പച്ചക്കറി, മരുന്ന് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.

സൂപ്പര്‍ എല്‍-നിനോയാണ് മറ്റൊരു കാരണം. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമാണ് എല്‍-നിനോ. ഇത് ഇന്ത്യയിലെ കാലവര്‍ഷത്തെ ദോഷകരമായി ബാധിച്ചേക്കാം. മഴ കുറഞ്ഞാല്‍ കാര്‍ഷികോല്‍പാദനം കുറയുകയും ഭക്ഷ്യവില കുതിച്ചുയരുകയും ചെയ്യും. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ഇത് നേരിട്ട് ബാധിക്കും. ആഗോള അനിശ്ചിതത്വം കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നിരിക്കുകയാണ്. രൂപ ദുര്‍ബലമാകുമ്പോള്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുന്നു, ഇത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകും.

കഴിഞ്ഞ ഡിസംബറില്‍ റിപ്പോ നിരക്ക് 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായി കുറച്ചിരുന്നു. ഫെബ്രുവരിയില്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല. ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, നിങ്ങളുടെ വീട്, കാര്‍ ലോണുകളുടെ ഇഎംഐയില്‍ മാറ്റമുണ്ടാകില്ല. ബിസിനസ്സ് വായ്പകളുടെ പലിശയും സ്ഥിരമായി നില്‍ക്കും. ആഗോള വെല്ലുവിളികള്‍ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയുള്ള നിലപാടായിരിക്കും ആര്‍ബിഐ സ്വീകരിക്കുക.

Content Highlights: Will RBI Hold Repo Rate Steady As Iran War, 'Super El Nino' Push Inflation Risks?

dot image
To advertise here,contact us
dot image