

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ടിം ഡേവിഡിന്റെ പടുകൂറ്റൻ സിക്സർ ആരാധകർ ആഘോഷമാക്കിയിരുന്നു. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരത്തിന്റെ കൂറ്റൻ സിക്സർ സ്റ്റേഡിയത്തിന് പുറത്തേക്ക് പറന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയും കടന്ന് പുറത്തെ റോഡിൽ പതിച്ച പന്ത് ഒരു ആരാധകൻ പിടിച്ചെടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആർസിബി ഇന്നിങ്സിന്റെ 19-ാം ഓവറിൽ ജാമി ഓവർട്ടണെതിരെയാണ് ടിം ഡേവിഡ് ഈ അതിശയിപ്പിക്കുന്ന സിക്സർ പറത്തിയത്. 106 മീറ്റർ ദൂരം പിന്നിട്ട സിക്സർ ആർസിബി ആരാധകർക്ക് ആവേശമായിരുന്നു. പന്ത് ഗാലറിക്ക് പുറത്തേക്ക് പോകുന്നത് കണ്ട് അമ്പയർ സിഗ്നൽ നൽകുന്നതിന് മുൻപേ ടിം ഡേവിഡ് തന്നെ കൈകൾ ഉയർത്തി പന്തിന് 'ബൈ ബൈ' പറയുന്ന വീഡിയോയും വൈറലായിരുന്നു.
പന്ത് സ്റ്റേഡിയത്തിനുപുറത്തുള്ള റോഡിലാണ് വീണത്. അപ്പോൾ അവിടെ കൂടിയിരുന്ന ആരാധകർ അത് കൈക്കലാക്കുകയും ആവേശത്തോടെ ആഘോഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Watch this video till end to find out what happened to the ball, which Tim David hit it out of Chinnaswamy yesterday. 🔥😂 pic.twitter.com/F9bdVpPIeN
— Aditya Saha (@Adityakrsaha) April 6, 2026
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത് ഓസീസ് താരം ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. 25 പന്തില്‍ നിന്ന് 8 സിക്‌സറുകളും 3 ഫോറുകളും ഉള്‍പ്പെടെ 70 റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ പ്രകടനമാണ് ടീം സ്‌കോര്‍ 250ലേക്കെത്തിക്കാന്‍ ആര്‍സിബിയെ സഹായിച്ചത്. മത്സരത്തില്‍ 19 പന്തില്‍ 48 റണ്‍സുമായി ആര്‍സിബി ക്യാപ്റ്റൻ രജത് പാട്ടിദാറും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
Content Highlights: IPL 2026: RCB Fan Retrieves Ball After Tim David's Massive Six Clears Chinnaswamy Roof