വൈദ്യുത നിലയങ്ങളിൽ മനുഷ്യ ചങ്ങല തീർക്കാൻ യുവാക്കളോട് ഇറാന്റെ ആഹ്വാനം;നടപടി ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ

രാജ്യത്തെ യുവാക്കൾ തന്നെ മുന്നോട്ട് വച്ച നിർദേശമാണിതെന്ന് യുവജന മന്ത്രാലയം വ്യക്തമാക്കി

വൈദ്യുത നിലയങ്ങളിൽ മനുഷ്യ ചങ്ങല തീർക്കാൻ യുവാക്കളോട് ഇറാന്റെ ആഹ്വാനം;നടപടി ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ
dot image

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്ക് തുറക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി അവസാനിക്കാനിരിക്കേ യുവാക്കളോട് മനുഷ്യച്ചങ്ങല തീർക്കാൻ ആവശ്യപ്പെട്ട് ഇറാൻ. വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന് വീണ്ടും ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് ഈ നീക്കം. വൈദ്യുതി നിലയങ്ങളിൽ പ്രതീകാത്മകമായി മനുഷ്യ ചങ്ങല തീർക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ്യത്തെ യുവാക്കളായ കായിക താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരോട് പ്രധാനപ്പെട്ട ഊർജ നിലയങ്ങളുടെ മുന്നിൽ ഒത്തുചേരാൻ ഇറാന്റെ കായിക - യുവജന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ യുവാക്കൾ തന്നെ മുന്നോട്ട് വച്ച നിർദേശമാണ് ഇതെന്ന് യുവജന മന്ത്രാലയം വ്യക്തമാക്കി.

ട്രംപ് വീണ്ടും മുന്നറിയിപ്പുമായി എത്തിയ സാഹചര്യത്തിലും പശ്ചിമേഷ്യയിലെ ആക്രമണങ്ങൾ തുടരുകയാണ്. തെഹ്‌റാനിലും സമീപപ്രദേശമായ കാരാജിലും വീണ്ടും സ്‌ഫോടനം റിപ്പോർട്ട് ചെയ്തു. ഇറാന്റെ വടക്കൻ ഖുർദിസ്ഥാൻ പ്രദേശത്തുള്ള ഇർബിൽ വിമാനത്താവളത്തിന് സമീപവും രണ്ട് സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ഒരു വ്യോമാക്രമണ പരമ്പര അവസാനിച്ചതായി ഇസ്രയേൽ സേന ടെലഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

ഇറാന് ഹോർമൂസ് കടലിടുക്ക് തുറക്കാനായി അനുവദിച്ച സമയപരിധി അവസാനിക്കാൻ 24മണിക്കൂറിൽ താഴെ മാത്രമേ ഇനിയുള്ളു. നാളെ പന്ത്രണ്ട് മണിയോടെ ഇറാന്റെ ഓരോ പാലങ്ങളും തകർത്ത് തരിപ്പണമാക്കും. വെറും നാലു മണിക്കൂർ കൊണ്ട് ആക്രമണങ്ങൾ പൂർത്തീകരിക്കുമെന്നും സമയപരിധി ലംഘിക്കില്ലെന്നാണ് കരുതുന്നതെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അതേസമയം ട്രംപിന്റെ വാക്കുകളെ അഹങ്കാരം നിറഞ്ഞ വാചോടോപങ്ങളും അടിസ്ഥാനമില്ലാത്ത ഭീഷണിയുമാണെന്നാണ് വിശേഷിപ്പിച്ചത്.

ട്രംപിന്റെ ഇത്തരം ഭീഷണി യുഎസ് - ഇസ്രയേലി സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങളെ തടയുകയില്ലെന്നും ഇറാൻ തുറന്നടിച്ചു. അമേരിക്കൻ സയണിസ്റ്റിസ് ശത്രുക്കൾക്ക് എതിരെയുള്ള ഇസ്ലാമിന്റെ പോരാളികളുടെ പോരാട്ടം തുടരുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. യുഎസും ഇറാനും തമ്മിൽ 45ദിവസം നീണ്ടുനിൽക്കുന്ന ഒരു വെടിനിർത്തൽ കരാറിനായി പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നാണ് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Iran has called on young people, including students, athletes, and artists, to form “human chains” around critical power plants across the country

dot image
To advertise here,contact us
dot image