

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സാധാരണക്കാരന്റെ സ്വന്തം ബ്രാന്‍ഡായ മാരുതിക്ക് വീണ്ടും കുതിപ്പ്. മാര്‍ച്ചിലെ വില്‍പ്പന കണക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി. ടാറ്റ പഞ്ച്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങി പ്രബലരായ എസ്‌യുവികളെ അട്ടിമറിച്ചുകൊണ്ടാണ് ഡിസയറിന്റെ മുന്നേറ്റം. 21,224 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2025 മാര്‍ച്ചിനെ അപേക്ഷിച്ച് 37 ശതമാനം വളര്‍ച്ചയാണ് നേടിയത്. രണ്ടാം സ്ഥാനത്ത് ടാറ്റ പഞ്ച് (20,977 യൂണിറ്റുകള്‍) എത്തിയപ്പോള്‍ 19,810 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റ നെക്‌സോണാണ് മൂന്നാമതുള്ളത്.

എസ്‌യുവികള്‍ക്ക് മുന്‍തൂക്കമുള്ള ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ കാര്‍ ഒന്നാമതെത്തുന്നത് ശ്രദ്ധേയമാണ്. 21,224 യൂണിറ്റുകള്‍ വിറ്റഴിച്ച ഡിസയര്‍, കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,460 യൂണിറ്റുകളാണ് വിറ്റത്. പട്ടികയില്‍ ഡിസയര്‍ ഒന്നാമതാണെങ്കിലും, ആദ്യ പത്തില്‍ ഭൂരിഭാഗവും എസ്‌യുവികളാണ്. ടാറ്റ പഞ്ച്, ടാറ്റ നെക്‌സോണ്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഹ്യുണ്ടായ് ക്രെറ്റ 17,838 യൂണിറ്റുകളുമായി നാലാം സ്ഥാനത്തുണ്ട്.
മാരുതിയുടെ തന്നെ എര്‍ട്ടിഗ (17,072 യൂണിറ്റുകള്‍), ബലേനോ (16,392 യൂണിറ്റുകള്‍) എന്നിവയും ആദ്യ പത്തില്‍ ഇടംപിടിച്ചു. എന്നാല്‍ വാഗണ്‍ ആര്‍, ബ്രെസ്സ എന്നീ മോഡലുകളുടെ വില്‍പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മഹീന്ദ്ര സ്‌കോര്‍പിയോ (എന്‍ + ക്ലാസിക്) 14,578 യൂണിറ്റുകള്‍ വിറ്റഴിച്ച് പത്താം സ്ഥാനത്തെത്തി.
ഇന്ധനവിലയിലെ മാറ്റങ്ങളും ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യവും വിപണിയെ സ്വാധീനിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ മെയിന്റനന്‍സ് ചെലവും വിശ്വാസ്യതയുമാണ് ഡിസയറിനെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നത്. ടാക്‌സി ആവശ്യങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായതാണ് ഡിസയറിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. എസ്‌യുവി തരംഗത്തിനിടയിലും ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാരുതി ഡിസയര്‍ ഇപ്പോഴും തുടരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: Maruti Suzuki Dzire Tops India Car Sales In March 2026, Beats Nexon, Creta, Punch