

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് രാജസ്ഥാന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയും മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും നേർക്കുനേർ വരുന്നു എന്നതാണ്.
ഇപ്പോഴിതാ രാജസ്ഥാനെതിരായ മത്സരത്തിന് മുൻപ് വൈഭവിനെ കുറിച്ചുള്ള മുംബൈ ഇന്ത്യൻസ് കോച്ച് പരാസ് മാംബ്രെയുടെ പ്രസ്താവനയാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്. വൈഭവ് പുതിയ താരമല്ലെന്ന് പറഞ്ഞ മാംബ്രെ രാജസ്ഥാന്‍റെ കൗമാര വിസ്മയത്തെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പ് തള്ളുകയും ചെയ്തു.
'വൈഭവ് ഒരിക്കലും പുതിയ താരമല്ല. ഇത് അവന്‍റെ രണ്ടാം സീസണാണ്. രാജസ്ഥാന് വേണ്ടി വൈഭവ് ഇതിനോടകം ഒരു വർഷം ഐപിഎൽ കളിച്ചുകഴിഞ്ഞു. വൈഭവ് മികച്ച താരം തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഞങ്ങൾ വൈഭവിനെയും കാണുന്നത്. അവന് വേണ്ടി മാത്രമായി പ്രത്യേക തന്ത്രങ്ങളൊന്നും മെനയുന്നില്ല', മാംബ്രെ വ്യക്തമാക്കി.
ഗുജറാത്ത് ടൈറ്റൻസിനെതിരെ അവരുടെ തട്ടകത്തിൽ ആവേശവിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ കിടിലൻ പ്രകടനമാണ് രാജസ്ഥാൻ ഇത്തവണ കാഴ്ച വെക്കുന്നത്. റിയാൻ പരാഗിന്റെ തകർപ്പൻ ക്യാപ്റ്റൻസിക്ക് കീഴിൽ ഹാട്രിക് ജയം തേടിയാണ് രാജസ്ഥാൻ മുംബെെയ്ക്കെതിരെ ഇറങ്ങുന്നത്.
അതേസമയം ഡൽഹി ക്യാപിറ്റൽസിനോട് പരാജയം വഴങ്ങിയാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. മുംബെെ ഇന്ത്യൻസ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയെങ്കിലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ക്യാപിറ്റൽസിനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനെ തോൽപ്പിച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് മുംബെെയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന മുംബെെയുടെ നായകൻ ഹാർദിക് പാണ്ഡ്യ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: MI Coach Paras Mhambrey says Vaibhav Suryavanshi Is Not New To The Indian Premier League