

അമേരിക്കയിലെ പുതിയ എണ്ണ ശുദ്ധീകരണശാല പദ്ധതിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പങ്കാളിയാകുന്നു. ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ടെക്‌സാസിലാണ് പദ്ധതി നടപ്പാക്കുക.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിതെന്നും അമേരിക്കന്‍ ഊര്‍ജ്ജ ഉത്പാദനത്തിന് ഇതിലൂടെ വലിയ പിന്തുണ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് പ്രഖ്യാപനം നടത്തിയത്. അമേരിക്ക ഫസ്റ്റ് റിഫൈനിങ് എന്ന കമ്പനിയാകും റിഫൈനറി വികസിപ്പിക്കുക. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ആരംഭിക്കുന്ന ആദ്യത്തെ പുതിയ അമേരിക്കന്‍ ഓയില്‍ റിഫൈനറിയാണിത്. ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിക്കായി കണക്കാക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് ഈ നിക്ഷേപത്തെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ഇന്ത്യയിലെ പങ്കാളികള്‍ക്കും അവരുടെ ഏറ്റവും വലിയ സ്വകാര്യ എനര്‍ജി കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഈ വമ്പന്‍ നിക്ഷേപത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം റിലയന്‍സ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ബുധനാഴ്ച ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരിവില 2 ശതമാനത്തിലധികം ഉയര്‍ന്നു.
അമേരിക്കയിലെ ടെക്‌സസിലുള്ള പോര്‍ട്ട് ഓഫ് ബ്രൗണ്‍സ് വില്ലി എന്ന പ്രധാന ഗള്‍ഫ് കോസ്റ്റ് തുറമുഖത്താണ് പുതിയ റിഫൈനറി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഈ റിഫൈനറി അമേരിക്കയിലെ ആഭ്യന്തര വിപണിക്ക് ഇന്ധനം നല്‍കുന്നതോടൊപ്പം, ആഗോള ഊര്‍ജ കയറ്റുമതിയും വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. പുതിയ റിഫൈനറി വരുന്നതോടെ അമേരിക്ക ദേശീയ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തും. പദ്ധതിയിലൂടെ അമേരിക്കന്‍ ഊര്‍ജ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഇത് ബില്യണ്‍ ഡോളറുകളുടെ സാമ്പത്തിക പ്രതിഫലം സൃഷ്ടിക്കുകയും ചെയ്യും.

ഇതോടൊപ്പം, ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ റിഫൈനറിയായിരിക്കും ഇത് എന്നും ട്രംപ് അവകാശപ്പെട്ടു. ഈ പദ്ധതി വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദക്ഷിണ ടെക്‌സസില്‍ വലിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ആഗോള കയറ്റുമതിയെ ശക്തിപ്പെടുത്താന്‍ പദ്ധതി മുതല്‍ക്കൂട്ടാകും. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായുള്ള അനുമതി നടപടികള്‍ ലളിതമാക്കുകയും നികുതി കുറയ്ക്കുകയും ചെയ്തതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള വമ്പന്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് എത്തുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു.
Content Highlight: Reliance to invest in first new US oil refinery in 50 years, says Trump