Top

'ആദ്യം 100 കോടി ക്ലബ്ബായിരുന്നു, ഇപ്പോള്‍ അതില്ല'; പകരമെത്തിയത് 'പാന്‍ ഇന്ത്യന്‍' എന്ന് രണ്‍ബിര്‍

8 July 2022 6:26 AM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യം 100 കോടി ക്ലബ്ബായിരുന്നു, ഇപ്പോള്‍ അതില്ല; പകരമെത്തിയത് പാന്‍ ഇന്ത്യന്‍ എന്ന് രണ്‍ബിര്‍
X

തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് പിന്നാലെ പാന്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം രണ്‍ബിര്‍ കപൂര്‍. എല്ലാ സിനിമകളും പാന്‍ ഇന്ത്യന്‍ സിനിമകാളാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രണ്‍ബിര്‍ പറഞ്ഞു. സിനിമയുടെ കഥ ആളുകള്‍ ഇഷ്ടപ്പെടുകയും പലരും കാണുകയും ചെയ്യുന്നുവെങ്കില്‍ അതൊരു ഒരു പാന്‍ഇന്ത്യ സിനിമയാണെന്നും താരം അഭിപ്രായപ്പെട്ടു.

'സംവിധായകന്‍ ഒരു സിനിമ ചെയ്യുമ്പോള്‍, അത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു. സിനിമയും കഥയും ശക്തമാണെങ്കില്‍ അതൊരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കില്ല, പാന്‍ വേള്‍ഡ് സിനിമയായിരിക്കും എന്നും രണ്‍ബിര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ 100 കോടി ക്ലബ് എന്ന പ്രയോഗമായിരുന്നു. അത് മാഞ്ഞുപോയി, ഇപ്പോള്‍ അതില്ല. പകരമായെത്തിയ പുതിയ പ്രയോഗമാണ് പാന്‍ ഇന്ത്യ. നല്ല സിനിമയാണെങ്കില്‍ അത് ചെറുതായാലും വലുതായാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും താരം പറഞ്ഞു.

നേരത്തെ പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ അടക്കം സജീവമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ പ്രതികരിച്ചത്. തനിക്ക് ആ പദത്തില്‍ വിശ്വാസമില്ലെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏത് ഭാഷയിലാണ് നിര്‍മ്മിച്ചതെന്നത് പ്രശ്‌നമല്ലെന്നും താരം പറഞ്ഞിരുന്നു.

സിനിമ പ്രാദേശികകമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യന്‍ എന്ന പദം ഉപയോഗിക്കുന്നതെന്ന് നടന്‍ സിദ്ധാര്‍ത്ഥ് അഭിപ്രായപ്പെട്ടിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തെറ്റാണെന്നും ഇന്ത്യന്‍ സിനിമയെന്ന് പറയണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

Story highlights; Ranbir Kapoor says 100 crore club term faded now pan-India is a new term

Next Story