വനിതാ ടി20 ലോകകപ്പ് 2026; മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യ-പാക് ആവേശപ്പോരാട്ടം ജൂണില്‍

12 ടീമുകളാണ് ലോകിരീടത്തിനായി ഇത്തവണ പോരാടാൻ എത്തുക

വനിതാ ടി20 ലോകകപ്പ് 2026; മത്സരക്രമം പ്രഖ്യാപിച്ചു, ഇന്ത്യ-പാക് ആവേശപ്പോരാട്ടം ജൂണില്‍
dot image

2026 വനിതാ ടി20 ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 12ന് ആരംഭിക്കുന്ന ടൂർണമെന്റ് ജൂലൈ അഞ്ചിന് അവസാനിക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും.

കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെയാണ് ടൂർണമെന്‍റിലെ 12 ടീമുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. 12 ടീമുകളാണ് ലോകിരീടത്തിനായി ഇത്തവണ പോരാടാൻ എത്തുക. ആറ് ടീമുകളെ വീതം രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചത്. ഗ്രൂപ്പിലെ ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടിയ ശേഷം ആദ്യത്തെ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്കും യോഗ്യത നേടും.

ബംഗ്ലാദേശ്, അയർലൻഡ്, സ്കോട്ട്ലൻഡ്, നെതർലൻഡ്‌സ് എന്നീ ടീമുകൾ അവസാന നാല് സ്ഥാനക്കാരായി യോഗ്യത നേടി. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലൻഡ്, ആതിഥേയരായ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യ, ആറ് തവണ കിരീടം നേടിയ ഓസ്‌ട്രേലിയ എന്നിവർക്കൊപ്പം ഇവർ മാറ്റുരയ്ക്കും. ടൂർണമെന്‍റില്‍ 33 മത്സരങ്ങളുണ്ടാകും. ഒരു ദിവസം മൂന്ന് മത്സരങ്ങൾ നടക്കും. ആദ്യ മത്സരം വൈകുന്നേരം 3 മണിക്കും രണ്ടാമത്തെ മത്സരം വൈകുന്നേരം 7 മണിക്കും മൂന്നാമത്തെ മത്സരം രാത്രി 11 മണിക്കും നടക്കും.

ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരിക്കല്‍ക്കൂടി ഒരേ ഗ്രൂപ്പില്‍ തന്നെ പോരിനിറങ്ങും. ഒന്നാം ഗ്രൂപ്പിലാണ് ഇരുവരുമുള്ളത്.ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് രണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണുള്ളത്.

ജൂണ്‍ 14നാണ് ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം. അതിനു ശേഷം 17ന് നെതര്‍ലാന്‍ഡ്‌സിനെയും 21നു സൗത്താഫ്രിക്കയെയും 25ന് ബംഗ്ലാദേശിനെയും 28ന് ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും.

Content highlights: Women's T20 World Cup 2026; ICC unveils schedule, ind vs pak match on 14 june

dot image
To advertise here,contact us
dot image