
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. 100 റൺസിന് ഒരു വിക്കറ്റെന്ന നിലയില്‍ നിന്ന് 105ന് എട്ട് എന്ന നിലയിലേക്കാണ് ടീം തകര്‍ന്നത്.
കൊളംബോയിൽ നടന്ന മത്സരത്തിൽ 77 റൺസിന്റെ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 244 റണ്‍സ് നേടി. 123 പന്തില്‍ 106 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാലു വിക്കറ്റും ടന്‍സിം ഹസന്‍ ഷക്കീബ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങില്‍ സ്കോർ ബോർഡിൽ 29 റണ്‍സ് തെളിഞ്ഞപ്പോഴാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായത്. ടീം സ്‌കോര്‍ 100 റണ്‍സിലെത്തിയപ്പോൾ രണ്ടാം വിക്കറ്റ് നഷ്ടമായി. ഇതോടെ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. 101 റൺസിന് മൂന്നാം വിക്കറ്റ് പോയി. 102 എത്തിയപ്പോഴേക്കും നാലാം വിക്കറ്റ്. 103 റണ്‍സില്‍ തന്നെ അഞ്ചാം വിക്കറ്റും ആറാം വിക്കറ്റും നഷ്ടമായി. 104ല്‍ ഏഴാം വിക്കറ്റ് വീണപ്പോൾ 105 റൺസില്‍ എട്ടാം വിക്കറ്റും പോയി.
ഒൻപതാം വിക്കറ്റില്‍ ജേക്കര്‍ അലിയും മുസ്തഫിസുര്‍ റഹ്‌മാനും നടത്തിയ ചെറുത്തുനില്‍പാണ് ടീമിന്റെ തോൽവിയുടെ ഭാരം കുറച്ചത്. 61 പന്തില്‍ 62 റണ്‍സെടുത്ത തന്‍സിദ് ഹസനും തിളങ്ങി. ഇരുവരുടെയും പ്രകടനമില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശ് വമ്പന്‍ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. ജേക്കര്‍ അലി 51 റണ്‍സെടുത്തു. 167 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി. ഇതോടെ ശ്രീലങ്ക 77 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
Content Highlights: Sri Lanka Beat Bangladesh by 77 Runs in SL vs BAN 1st ODI 2025; BAN Suffer Horrific Collapse