എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ റൺമല, ആദ്യ ഇന്നിങ്സ് സ്കോർ 585, ശുഭ്മൻ ​ഗിൽ 269

എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറും ഇന്ത്യൻ സ്കോർബോർഡിൽ നിർണായക സംഭാവന നൽകി

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിൽ എല്ലാവരും പുറത്തായി. ഇരട്ട സെഞ്ച്വറി നേടിയ ശുഭ്മൻ ​ഗില്ലിന്റെയും അർധ സെഞ്ച്വറികൾ നേടിയ രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവരുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ജഡ‍േജയും ​ഗില്ലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർബോർഡിനെ മുന്നോട്ട് നയിച്ചു. 137 പന്തുകൾ നേരിട്ട ജഡേജ 10 ഫോറും ഒരു സിക്സറും സഹിതമാണ് 89 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ കരുത്തായത്. 387 പന്തുകൾ നേരിട്ട് 30 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം ശുഭ്മൻ ​ഗിൽ 269 റൺസ് നേടി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 203 റൺസ് കൂട്ടിച്ചേർത്തു.

എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറും ഇന്ത്യൻ സ്കോർബോർഡിൽ നിർണായക സംഭാവന നൽകി. 103 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം സുന്ദർ 42 റൺസെടുത്തു. ഗില്ലിനൊപ്പം എട്ടാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർക്കാനും സുന്ദറിന് കഴിഞ്ഞു. ഒന്നാം ദിവസം ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 87 റൺസ് നേടിയിരുന്നു. 107 പന്തിൽ 13 ഫോറുകൾ സഹിതമാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. ഇം​ഗ്ലണ്ടിനായി സ്പിന്നർ ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

Content Highlights: India Score 587 vs England

dot image
To advertise here,contact us
dot image