

ഒരൊറ്റ അഭിമുഖത്തിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ് നടി ഗിരിജ ഓക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. എന്നാൽ തന്റെ ചിത്രങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം എഐയിൽ സൃഷ്ടിച്ച മോർഫ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തുന്നു. ഇത് തന്നെ വല്ലാതെ അലട്ടുന്നുവെന്നും ദയവ് ചെയ്ത് ആളുകൾ ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പിന്മാറണമെന്നും നടി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.
'കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് തികഞ്ഞ ഭ്രാന്തമായ കാര്യങ്ങളാണ്. പെട്ടെന്ന് എനിക്ക് ഒരുപാട് ശ്രദ്ധ ലഭിച്ചു, ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ ആലോചിക്കുകയാണ്. അതേസമയം, എനിക്ക് ഒരുപാട് സ്നേഹം ലഭിക്കുന്നുണ്ട്, ഇൻസ്റ്റഗ്രാമിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ എന്റെ പോസ്റ്റുകൾ കണ്ട ആളുകളിൽ നിന്ന് ഒരുപാട് നല്ല കമന്റുകൾ, മെസ്സേജുകൾ, ഫോൺ കോളുകൾ എന്നിവയെല്ലാം ലഭിക്കുന്നു. എനിക്ക് ലഭിക്കുന്ന സ്നേഹത്തിന്റെ അളവ് അവിശ്വസനീയവും താങ്ങാനാവാത്തതുമാണ്.
എന്റെ ഒരുപാട് സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ എന്നിവരെല്ലാം പല പോസ്റ്റുകളും മീമുകളും എനിക്ക് അയച്ചിട്ടുണ്ട്, അവയിൽ ചിലത് അതിശയകരമാംവിധം രസകരവും വളരെ സർഗാത്മകവുമാണ്. എന്നാൽ അവയിൽ ചിലത്, AI ഉപയോഗിച്ച് മോർഫ് ചെയ്ത എന്റെ ചിത്രങ്ങളാണ്, അവ അത്ര നല്ലതല്ല. അവ ലൈംഗിക ചുവയുള്ളതും തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളതുമാണ്, അത് തീർത്തും അസ്വസ്ഥമാക്കുന്ന തരത്തിലാണ് പ്രചരിക്കുന്നത്, ഇത് എന്നെ വല്ലാതെ അലട്ടുന്നുണ്ട്.

ഞാനും ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരാളാണ്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്ന ഒരാളാണ്. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഒരു കാര്യം വൈറലാകുമ്പോഴോ, ട്രെൻഡിങ് ആകുമ്പോഴോ, ഇത്തരം ചിത്രങ്ങൾ സാധാരണയായി ഉണ്ടാക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യാറുണ്ട്. ആളുകൾ നിങ്ങളുടെ പോസ്റ്റുകളിൽ ക്ലിക്ക് ചെയ്യുകയും നിങ്ങൾക്ക് ആവശ്യത്തിന് ലൈക്കുകളും ഇന്ററാക്ഷനും ലഭിക്കുകയും, അത് നിങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നിടത്തോളം കാലം ഈ കളി എങ്ങനെ കളിക്കണമെന്ന് നമുക്കെല്ലാവർക്കും അറിയാം.
എന്നാൽ എന്നെ അലട്ടുന്നത്, ഈ കളിക്ക് നിയമങ്ങളില്ല എന്നതും, ഈ കളിയിൽ ഒരു കാര്യവും നിരോധിക്കപ്പെട്ടതായിട്ടില്ല എന്നതുമാണ്. എനിക്കൊരു 12 വയസ്സുകാരൻ മകനുണ്ട്. അവൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല, പക്ഷേ ഭാവിയിൽ അവൻ ഉപയോഗിക്കും. അവൻ വലുതാകുമ്പോൾ, ഈ ചിത്രങ്ങളിലേക്ക് എത്തപ്പെടും. കാരണം ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ എന്നെന്നേക്കുമായി നിലനിൽക്കും.
അവന്റെ അമ്മയുടെ ഈ ‘അശ്ലീല’ ചിത്രങ്ങൾ അവൻ ഒരു ദിവസം കാണും, അവയെക്കുറിച്ച് അവന് എന്ത് തോന്നും എന്ന് ഓർക്കുമ്പോൾ എനിക്ക് ആശങ്കയുണ്ട്, ഭയമുണ്ട്, ഇത് എന്നെ വല്ലാതെ അലട്ടുന്നു. ഇവ യഥാർഥ ചിത്രങ്ങളല്ലെന്നും AI ഉപയോഗിച്ച് മോർഫ് ചെയ്ത് എഡിറ്റ് ചെയ്തതാണെന്നും അവനറിയാം. ഇപ്പോൾ ഈ ചിത്രങ്ങൾ കാണുന്ന ആളുകളെപ്പോലെ തന്നെ, ഇത് യഥാർഥ ചിത്രങ്ങളല്ലെന്നും മാറ്റം വരുത്തിയതാണെന്നും അവരും അറിയുന്നവരാണ്. പക്ഷേ ഇത് അവർക്ക് ഒരുതരം വിലകുറഞ്ഞ ആനന്ദം, ഒരുതരം വിലകുറഞ്ഞ ലൈംഗിക ഉത്തേജനം നൽകുന്നു.
ഇത് ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് എനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് എനിക്കറിയാം. പക്ഷേ ഇതിനെക്കുറിച്ച് ഒന്നും ചെയ്യാതിരിക്കുന്നത് എന്നെ സംബന്ധിച്ച് ശരിയല്ല. അതിനാൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. ഈ വീഡിയോ കാണുന്നവരിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും മറ്റ് ആരുടെയും ചിത്രങ്ങൾ AI ഉപയോഗിച്ച് മോർഫ് ചെയ്ത് അനുചിതമായ രീതിയിൽ പ്രചരിപ്പിക്കുന്നവരുണ്ടെങ്കിൽ, നിങ്ങൾ ഒരു തവണ അതിനെക്കുറിച്ച് ചിന്തിക്കണം.
നിങ്ങൾ ഇത്തരം ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഒരാളല്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിൽ ഇത്തരം ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, നിങ്ങളും ഈ പ്രശ്നത്തിന്റെ ഭാഗമാണ്. നിങ്ങൾ ഇതിലൊരു പുനർവിചിന്തനം നടത്തണമെന്ന് എനിക്ക് അഭ്യർത്ഥിക്കാൻ മാത്രമേ കഴിയൂ.
അതൊഴികെ, ഈ അപ്രതീക്ഷിത ശ്രദ്ധ കാരണം ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഇത് എന്റെ സിനിമകൾ, സീരീസുകൾ, നാടകങ്ങൾ എന്നിവ കൂടുതൽ ആളുകൾ കാണുന്നതിലേക്ക് നയിക്കുകയാണെങ്കിൽ, പിന്നെ എനിക്ക് മറ്റെന്താണ് ചോദിക്കാൻ കഴിയുക? നിങ്ങളുടെ സ്നേഹം തുടർന്നും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഞാനും നല്ല നല്ല സൃഷ്ടികൾ തുടർന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു', ഗിരിജയുടെ വാക്കുകൾ.
Content Highlights: Girija Oak about her Ai videos online