
പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. റൊമാന്റിക് കോമഡി ഴോണറില് ഒരുങ്ങുന്ന ചിത്രത്തിന്റെ ബത്ലഹേം കുടുംബ യൂണിറ്റ് എന്നാണ്.
ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രത്തില് നിവിന് പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളില് എത്തുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില് ദിലീഷ് പോത്തന്, ഫഹദ് ഫാസില്, ശ്യാം പുഷ്കരന് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. കുമ്പളങ്ങി നൈറ്റ്സ് മുതല് പ്രേമലു വരെ ഭാവന സ്റ്റുഡിയോസ് നിര്മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം പ്രേമലു 2 ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല് ചില സാങ്കേതിക കാരണങ്ങളാല് ചിത്രം തുടങ്ങാന് വൈകുമെന്ന ദിലീഷ് പോത്തന് അറിയിച്ചിരുന്നു. ഗിരീഷ് എഡിക്കൊപ്പം മറ്റൊരു ചിത്രം ചര്ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ് ജോസിയും ചേര്ന്നാണ് പുതിയ ചിത്രത്തിന്റെയും രചന നിര്വഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. സെപ്റ്റംബറില് ഓണത്തിന് ശേഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് ദിലീഷ് പോത്തന് പറഞ്ഞു. സിനിമയിലെ പ്രധാന അണിയറ പ്രവര്ത്തകര് ഒന്നിക്കുന്ന ഒരു വീഡിയോയും ടൈറ്റില് അനൗണ്സ്മെന്റിനൊപ്പം പുറത്തുവിട്ടുണ്ട്.
ഛായാഗ്രഹണം അജ്മല് സാബു, എഡിറ്റര്: ആകാശ് ജോസഫ് വര്ഗ്ഗീസ്. ഭാവന റിലീസ് ആണ് വിതരണം. പിആര്ഒ: ആതിര ദില്ജിത്ത്.
Content Highlights : Gireesh AD's new movie with Nivin Pauly and Mamitha Baiju, produced by Bhavana Studios