'തിരുവനന്തപുരത്ത് രാത്രി 12 മണി കഴിഞ്ഞാൽ അഴിഞ്ഞാട്ട'മെന്ന് കമന്റ്; കലക്കൻ മറുപടിയുമായി എം ജി ശ്രീകുമാർ

തിരുവനന്തപുരം ന​ഗരത്തെ വിമർശിച്ചയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി എംജി ശ്രീകുമാർ

dot image

തിരുവനന്തപുരം ന​ഗരത്തെ വിമർശിച്ചയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകി എംജി ശ്രീകുമാർ. 'തിരുവനന്തപുരം സിറ്റിയില്‍ രാത്രി 12 മണിക്ക് ശേഷം നോക്കണം പ്രായഭേദമന്യേ അഴിഞ്ഞാട്ടം കാണാം. ഒന്നും മിണ്ടരുത് സദാചാര പോലീസ് ആക്കി മാറ്റും' എന്ന ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിനാണ് ​ഗായകൻ എംജി ശ്രീകുമാർ മറുപടി നൽകിയത്. '11 മണിക്ക് വീട്ടില്‍ പോയി ഉറങ്ങൂ.. Be a good boy' എന്നായിരുന്നു എം ജി ശ്രീകുമാറിന്‍റെ മറുപടി.

'അനന്തപുരിയിൽ, (TRIVANDRUM)രാത്രി 11 മണിക്കുള്ള പോലീസ് പട്രോളിംഗ്. അഭിമാന പൂരിതമാകുന്നു അന്തരംഗം' എന്ന ക്യാപ്ഷനോട് കൂടി, കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് രാത്രി നടക്കുന്ന പൊലീസ് പട്രോളിങ്ങിന്‍റെ വീഡിയോ ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവച്ചത്. പൊലീസുകാര്‍ കുതിരപ്പുറത്ത് പട്രോളിങ്ങിന് ഇറങ്ങുന്ന ഈ കാഴ്ച വര്‍ഷങ്ങളായി തിരുവനന്തപുരത്തെ പ്രധാന കൗതുകക്കാഴ്ചകളിലൊന്നാണ്.

ഈ വീഡിയോക്ക് താഴെയാണ് രാത്രി 12 മണിക്ക് ശേഷമുള്ള തിരുവനന്തപുരത്തെ ജീവിതത്തെക്കുറിച്ച് ഒരാൾ വിമർശനാത്മകമായ കമന്റുമായി എത്തിയത്. എം ജിയുടെ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാണ്. നെെറ്റ് ലെെഫിനെ അധിക്ഷേപിച്ച് നടക്കുന്നവര്‍ക്കുള്ള മികച്ച മറുപടിയാണ് എം ജി ശ്രീകുമാര്‍ നല്‍കിയതെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, കുതിരപ്പുറത്തെ ഈ പട്രോളിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും കാര്യമായ ചര്‍ച്ച തന്നെ എം ജി ശ്രീകുമാറിന്‍റെ പോസ്റ്റിന് താഴെ നടക്കുന്നുണ്ട്. പല കമന്റുകള്‍ക്കടിയിലും എംജി ശ്രീകുമാറും തക്കതായ മറുപടി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ വര്‍ഷങ്ങളായി തുടരുന്നതാണ് രാത്രിയിലെ കുതിരപ്പുറത്തുള്ള ഈ പൊലീസ് പട്രോളിങ്.

ഇത്തരത്തില്‍ പട്രോളിങിനിറങ്ങിയ രണ്ട് പൊലീസുകാരുടെ ദൃശ്യങ്ങളാണ് എംജി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.

Content Highlight; MG Sreekumar Reacts to Comment on His facebook Post About Trivandrum Night Patrol

dot image
To advertise here,contact us
dot image