ചൈനീസ് വിപണിയിലേക്ക് ആപ്പിള്‍ ഇന്റലിജന്‍സ്? സ്വന്തം എഐ മോഡലുമായി ആപ്പിള്‍ എത്തുമെന്ന് റിപ്പോർട്ട്

ചൈനീസ് വിപണിക്കായി ആലിബാബയുമായി സഹകരിച്ചാണ് പുതിയ ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്

ചൈനീസ് വിപണിയിലേക്ക് ആപ്പിള്‍ ഇന്റലിജന്‍സ്? സ്വന്തം എഐ മോഡലുമായി ആപ്പിള്‍ എത്തുമെന്ന് റിപ്പോർട്ട്
dot image

വാഷിങ്ടൺ: ആപ്പിള്‍ ഇന്റലിജന്‍സ് ചൈനീസ് വിപണിയിലേക്ക് എത്തിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ വിപണിക്കായി ലോക ടെക് ഭീമന്‍ പ്രത്യേക ലാര്‍ജ് ലാംഗ്വേജ് മോഡല്‍ വികസിപ്പിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതലത്തില്‍ ആപ്പിള്‍ ഇന്റലിജന്‍സിന്റെ വിവിധ എ ഐ സേവനങ്ങള്‍ക്കായി ഗൂഗിളിന്റെ ജെമിനി, ഓപ്പണ്‍ എ ഐയുടെ ചാറ്റ്ജിപിടി തുടങ്ങിയ മൂന്നാംകക്ഷി എഐ സേവനദാതാക്കളെ ആപ്പിള്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് വിപണിക്കായി ആലിബാബയുമായി സഹകരിച്ചാണ് പുതിയ ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള അപ്ഡേറ്റിന് ശേഷം വരും മാസങ്ങളില്‍ ചൈനയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് അവതരിപ്പിക്കുമെന്നാണ് സൂചന. കൃത്യമായ റിലീസ് തീയതി വ്യക്തമല്ലെങ്കിലും ഐഒഎസ് 27 അപ്ഡേറ്റിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. അടുത്ത മാസം എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കുമായി ഐഒഎസ് 27 എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ചൈനീസ് വിപണിയിലെ എഐ അനുഭവത്തില്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനാണ് ആപ്പിള്‍ സ്വന്തം എഐ മോഡല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ഹുവാവേ ഉള്‍പ്പെടെയുള്ള പ്രാദേശിക എതിരാളികളോട് ആപ്പിള്‍ പിന്നിലായതും പുതിയ നീക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കുന്ന സ്വന്തം എഐ മോഡല്‍ രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യ കമ്പനികളിലൊന്നായി ആപ്പിള്‍ മാറാനുള്ള സാധ്യതയും ഇതോടെ ഉയരുകയാണ്. ചൈനയുടെ എ ഐ വിപണിയിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ കാരണം യൂറോപ്യന്‍ എഐ കമ്പനികള്‍ക്ക് അവിടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. കരാര്‍ പ്രകാരം ചൈനയില്‍ വില്‍ക്കുന്ന അനുയോജ്യമായ ഐഫോണ്‍, ഐപാഡ്, മാക്, വിഷന്‍ പ്രോ ഉപകരണങ്ങളിലെ ആപ്പിള്‍ ഇന്റലിജന്‍സില്‍ അലിബാബയുടെ ക്വന്‍ മോഡല്‍ ഉള്‍പ്പെടുത്തും.

എന്നാല്‍, ചൈനയ്ക്കായി ആപ്പിള്‍ വികസിപ്പിച്ച സ്വന്തം എ ഐ മോഡല്‍ അലിബാബ പോലുള്ള മൂന്നാംകക്ഷി മോഡലുകളുമായി എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് ഇപ്പോഴും വ്യക്തമല്ല. ആപ്പിള്‍ ഇന്റലിജന്‍സിന്റെ ഏതെല്ലാം ഫീച്ചറുകള്‍ ആപ്പിളിന്റെ സ്വന്തം മോഡല്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്നതിലും വ്യക്തതയില്ല.

ആപ്പിളും അലിബാബയും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ മറ്റൊരു സൂചന കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ചൈനയിലെ യോഗ്യരായ മാക് ഉപയോക്താക്കള്‍ക്ക് അലിബാബയുടെ ക്വന്‍ മോഡല്‍ സിരി, റൈറ്റിങ് ടൂള്‍സ് എന്നിവയുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് വിശദീകരിക്കുന്ന ചൈനീസ് ഭാഷയിലുള്ള ഗൈഡ് ആപ്പിള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് യാതൊരു വിശദീകരണവും നല്‍കാതെ ആപ്പിള്‍ ഈ ഗൈഡ് നീക്കം ചെയ്തു.

Content Highlights: Apple is reportedly preparing to bring Apple Intelligence to China, with a China-specific AI model being developed in partnership with Alibaba

dot image
To advertise here,contact us
dot image