ഒരു കടയിലോ റെസ്‌റ്റോറന്റിലോ തിരക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പിന് എങ്ങനെ അറിയാം

ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പിന് നിങ്ങള്‍ എവിടെയാണെന്ന് അറിയാന്‍ സാധിക്കുമോ?

ഒരു  കടയിലോ റെസ്‌റ്റോറന്റിലോ തിരക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പിന് എങ്ങനെ അറിയാം
dot image

നമ്മള്‍ പോകാന്‍ ഉദ്ദേശിക്കുന്ന കടയിലോ റെസ്റ്റോറന്റിലോ ഇപ്പോള്‍ തിരക്കാണോ? പോകുന്നതിന് മുമ്പ് ഗൂഗിള്‍ മാപ്‌സില്‍ ഒന്ന് നോക്കിയാല്‍ ചിലപ്പോള്‍ അതിന്റെ ഉത്തരം കിട്ടും. എന്നാല്‍ അവിടെ എത്ര പേരുണ്ടെന്ന് ഗൂഗിള്‍ മാപ്‌സിന് എങ്ങനെ അറിയാം?.


ഗൂഗിള്‍ മാപ്‌സ് പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിളിന് ലഭിക്കാം. അങ്ങനെ നിരവധി ഉപയോക്താക്കളുടെ വിവരങ്ങളില്‍ നിന്ന് ഒരു പ്രത്യേക സ്ഥലത്ത് സാധാരണയായി എത്രത്തോളം ആളുകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന് ഗൂഗിളിന് തിരിച്ചറിയാന്‍ കഴിയും. വിവിധ ലൊക്കേഷന്‍ വിവരങ്ങളും പഴയ ഡാറ്റയും പരിശോധിച്ചാണ് മാപ്‌സ് ഒരു ഏകദേശ കണക്ക് തയ്യാറാക്കുന്നത്.

ഉദാഹരണത്തിന് ഒരു റെസ്റ്റോറന്റില്‍ സാധാരണയായി വൈകുന്നേരം 7 മണിക്ക് നല്ല തിരക്കുണ്ടാകാറുണ്ടെന്ന് കരുതുക. പല ദിവസങ്ങളിലെയും ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതുപോലുള്ള ഒരു പാറ്റേണ്‍ ഗൂഗിളിന് കണ്ടെത്താനാകും. അതുകൊണ്ട് ''ഇപ്പോള്‍ ഈ റെസ്റ്റോറന്റില്‍ 50 പേരുണ്ട്'' എന്ന് ഗൂഗിള്‍ കൃത്യമായി എണ്ണുന്നതല്ല. പകരം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ''ഇവിടെ ഇപ്പോള്‍ സാധാരണയേക്കാള്‍ കൂടുതല്‍ തിരക്കുണ്ട്'' എന്നൊരു കണക്ക് തയ്യാറാക്കുകയാണ് ചെയ്യുന്നത്.

Google Maps

എന്താണ് 'Popular Times' ?

ഗൂഗിള്‍ മാപ്‌സില്‍ പല കടകളുടെയും റെസ്റ്റോറന്റുകളുടെയും വിവരങ്ങളില്‍ Popular Times എന്നൊരു വിഭാഗം കാണാം. ഒരു സ്ഥലത്ത് ആഴ്ചയിലെ ഓരോ ദിവസവും ഏതൊക്കെ സമയത്താണ് സാധാരണയായി കൂടുതല്‍ തിരക്കുണ്ടാകാറുള്ളത് എന്നതാണ് ഇത് കാണിക്കുന്നത്. അതായത് തിങ്കളാഴ്ച ഉച്ചയ്ക്ക് തിരക്ക് കുറവ്, വെള്ളിയാഴ്ച വൈകുന്നേരം തിരക്ക് കൂടുതല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഏറ്റവും കൂടുതല്‍ തിരക്ക്. എന്നിങ്ങനെ ഒരു സ്ഥലത്തിന്റെ സാധാരണ തിരക്ക് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് ഒരു ദിവസത്തെ മാത്രം വിവരമല്ല. മുന്‍കാലങ്ങളില്‍ ശേഖരിച്ച വിവിധ ദിവസങ്ങളിലെയും സമയങ്ങളിലെയും വിവരങ്ങളില്‍ നിന്ന് ഗൂഗിള്‍ കണ്ടെത്തുന്ന ഒരു സാധാരണ പാറ്റേണാണ്.

ഈ സമയത്ത് എത്ര തിരക്കുണ്ടെന്ന് എങ്ങനെ അറിയാം?

Popular Times ഒരു സ്ഥലത്ത് സാധാരണയായി എപ്പോഴാണ് തിരക്ക് എന്ന് കാണിക്കുമ്പോള്‍, ചില സ്ഥലങ്ങളില്‍ ഗൂഗിള്‍ 'Live' തിരക്ക് സംബന്ധിച്ച വിവരങ്ങളും കാണിക്കും. അതായത് ആ സമയത്ത് ഒരു സ്ഥലത്തെ പ്രവര്‍ത്തനം സാധാരണയേക്കാള്‍ കൂടുതലാണോ കുറവാണോ എന്ന് മനസ്സിലാക്കി മാപ്‌സില്‍ തിരക്കിന്റെ തോത് സൂചിപ്പിക്കാം. ഒരു റെസ്റ്റോറന്റില്‍ സാധാരണയായി ഈ സമയത്ത് കുറച്ച് ആളുകളാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇന്ന് അതേ സമയത്ത് കൂടുതല്‍ ലൊക്കേഷന്‍ സിഗ്‌നലുകള്‍ കണ്ടെത്തിയാല്‍ അവിടെ സാധാരണയേക്കാള്‍ കൂടുതല്‍ തിരക്കുണ്ടാകാം എന്ന് മാപ്‌സ് കാണിച്ചേക്കാം.

Google Maps

ഗൂഗിള്‍ ആളുകളുടെ എണ്ണമെടുക്കുമോ?

മാപ്‌സില്‍ കാണുന്ന തിരക്ക് അവിടെയുള്ള ആളുകളുടെ കൃത്യമായ എണ്ണമാണ് എന്ന് കരുതരുത്. ലൊക്കേഷന്‍ വിവരങ്ങള്‍, സമയക്രമം, പഴയ തിരക്ക് സംബന്ധിച്ച പാറ്റേണുകള്‍ തുടങ്ങിയ പല വിവരങ്ങളും കൂട്ടിച്ചേര്‍ത്താണ് ഗൂഗിള്‍ ഒരു ഏകദേശ കണക്ക് തയ്യാറാക്കുന്നത്.
ഒരു മാളിന് പുറത്ത് നിരവധി ഫോണുകള്‍ കാണപ്പെടുന്നു എന്നതുകൊണ്ട് മാത്രം മാളിനുള്ളില്‍ അത്രയും ആളുകളുണ്ടെന്ന് പറയാനാകില്ല. ചിലര്‍ കാറില്‍ പോകുന്നവരായിരിക്കാം, സമീപത്തെ മറ്റൊരു കടയിലായിലുള്ളവരായിരിക്കാം. അതുകൊണ്ടുതന്നെ മാപ്‌സില്‍ കാണുന്ന തിരക്ക് 100 ശതമാനം കൃത്യമായ ആളുകളുടെ എണ്ണമായി കാണേണ്ടതില്ല.

ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ച് ഗൂഗിള്‍ നിങ്ങള്‍ എവിടെയാണ് എന്ന് മനസ്സിലാക്കുന്നുണ്ടോ?

ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഗൂഗിളിന് വിവിധ സ്വകാര്യതാ നിയന്ത്രണങ്ങളും ഉപയോക്തൃ ക്രമീകരണങ്ങളുമുണ്ട്. ഒരാളുടെ ലൊക്കേഷന്‍ ചരിത്രം പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാനും ചില ക്രമീകരണങ്ങള്‍ മാറ്റാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. അതേസമയം ഗൂഗിള്‍ മാപ്‌സില്‍ ഒരു റെസ്റ്റോറന്റിലെ തിരക്ക് കാണുമ്പോള്‍ അവിടെ ഇരിക്കുന്ന ഓരോ വ്യക്തിയുടെയും പേരോ വിവരങ്ങളോ മാപ്‌സില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. കാണുന്നത് സ്ഥലത്തെ തിരക്കിന്റെ ഒരു ഏകദേശ അവസ്ഥ മാത്രമാണ്.

Google Maps

അടുത്ത തവണ എവിടെയെങ്കിലും പോകുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞുവെച്ചോളൂ

ഒരു റെസ്റ്റോറന്റിലേക്കോ കടയിലേക്കോ പോകുന്നതിന് മുമ്പ് ഗൂഗിള്‍ മാപ്‌സില്‍ Popular Times ഒന്ന് നോക്കാം.ഇപ്പോള്‍ തിരക്കാണോ, സാധാരണ പോലെയാണോ കുറച്ച് സമയം കഴിഞ്ഞാല്‍ തിരക്ക് കുറയുമോ എന്നൊക്കെ ഏകദേശ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

Content Highlights : How does Google Maps know if a shop or restaurant is busy? Can Google Maps determine your location using your phone's location data?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image