

സഞ്ജു സാംസണെ വീണ്ടും ഓപ്പണർ റോളിലേക്ക് കൊണ്ടുവന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ മലയാളി താരത്തിന് അവസരം നൽകാത്തതിൽ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പത്താന്റെ പ്രതികരണം. പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് പകരം ഓപ്പണിങ് റോളിലിറങ്ങിയ ശുഭ്മൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ജിതേഷ് ശർമയെയാണ് ഇലവനിൽ ഉൾപ്പെടുത്തിയത്.
പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കാനിരിക്കെയാണ് ഇർഫാൻ പത്താൻ വിശകലനവുമായി രംഗത്തെത്തിയത്. 'ഗില്ലിന് സ്കോർ ചെയ്യാൻ കഴിയാത്തത് ഒരു മോശം സൂചനയാണ്. അത് അദ്ദേഹത്തിനും ടീം മാനേജ്‌മെന്റിനും മേലുള്ള സമ്മർദ്ദം വർധിപ്പിക്കുന്നു. ഈ സാഹചര്യം കൂടുതൽ വഷളാകരുത്. ഗില്ലിന്റെ ബാറ്റിൽ നിന്ന് ഇനിയും റൺസ് വന്നില്ലെങ്കിൽ സഞ്ജു സാംസണെ തിരികെ കൊണ്ടുവരേണ്ടിവരും. പക്ഷേ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം അദ്ദേഹത്തിന് മേലും വലിയ സമ്മർദ്ദമുണ്ടാവും. നിരവധി ചോദ്യങ്ങളുണ്ട്. അവർ സഞ്ജു സാംസണെ തിരിച്ചുകൊണ്ടുവന്നാൽ റൺസ് നേടേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനമാണ്', ഇർഫാൻ പത്താൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജുവിന് പകരം ഓപ്പണിങ്ങിൽ എത്തിയ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറെ മത്സരങ്ങളായി മോശം ഫോമിലാണ് ഗിൽ കളിക്കുന്നത്. ഏഷ്യ കപ്പ് മുതൽ തുടങ്ങിയ ഈ മാറ്റം ഒടുവിൽ സഞ്ജുവിനെ മധ്യനിരയിലേക്കും ഒടുവിൽ ടീമിന് പുറത്തേക്കും വലിച്ചിട്ടു. ആരാധകരും മുൻ താരങ്ങളും വിമർശനവുമായി എത്തിയിട്ടും തീരുമാനം തിരുത്താൻ ടീം മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
Content Highlights: If Sanju Samson opens again, can't expect him to perform says Irfan Pathan